
ഗുവാഹത്തി: അസാമിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒരുകാരണവശാലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി. അസാമിലെ ശിവസാഗറിൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എ.എ വിരുദ്ധ മുദ്രാവാക്യം എഴുതിയ ഷാൾ ധരിച്ചാണ് രാഹുലും മറ്റ് കോൺഗ്രസ് നേതാക്കളും പരിപാടിയിൽ പങ്കെടുത്തത്.
'ഞങ്ങൾ ധരിച്ച ഷാളിൽ 'സി.എ.എ" എന്ന് എഴുതിയിട്ട് വെട്ടിയിട്ടുണ്ട്. അതിനർത്ഥം, സാഹചര്യം എന്ത് തന്നെയായാലും സി.എ.എ നടപ്പാക്കില്ല എന്നാണ്. 'നാം രണ്ട് നമുക്ക് രണ്ട്' ശ്രദ്ധിച്ച് കേട്ടോളൂ, സി.എ.എ ഇവിടെ നടപ്പാക്കില്ല. ഒരിക്കലും നടപ്പാക്കില്ല.'' രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽ 'മോദി അമിത് ഷാ, അംബാനി, അദാനി' ബന്ധത്തെകുറിച്ച് രാഹുൽ തൊടുത്തുവിട്ട 'നാം രണ്ട്, നമുക്ക് രണ്ട്' ('ഹം ദോ ഹമാരേ ദോ') പരാമർശമാണ് അസാമിലും അദ്ദേഹം ആവർത്തിച്ചത്.