
തിരുവനന്തപുരം : മൂന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയായിട്ടുള്ള തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ (സ്പോർട്സ് ഹബ്) ഇനിയൊരു അന്താരാഷ്ട്ര മത്സരമെത്തുന്നതുതന്നെ ആശങ്കയിൽ. അടുത്തമാസം ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് ടീമുകളുടെ പരമ്പര നടത്താനായി സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന നടത്തിപ്പവകാശമുള്ള ഐ.എൽ ആൻഡ് എഫ്.എസ് കമ്പനിയുടെ നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ക്രിക്കറ്റിനായി ചോദിച്ചിരിക്കുന്ന സമയത്ത് ആർമി റിക്രൂട്ട്മെന്റ് റാലിക്കായി സ്റ്റേഡിയം അനുവദിച്ചിരിക്കുന്നതിനാലാണ് അനുമതി തുലാസിലായത്.
ഗ്രീൻഫീൽഡിലെ ഗ്രൗണ്ടിന്റെയും പിച്ചുകളുടെയും ലൈറ്റിന്റെയുമൊക്കെ മെയിന്റൻസുകൾ നടത്തുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. പ്രതിവർഷം ഒരു കോടിയോളം ഇതിന് ചെലവാക്കുന്നുണ്ട്. ബി.സി.സി.ഐ നൽകുന്ന ഫണ്ടിൽ നിന്നാണ് ഇത് ചെലവഴിക്കുന്നത്. എന്നിട്ടും ബി.സി.സി.ഐ നിശ്ചയിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്ക് സ്റ്റേഡിയം ലഭിച്ചില്ലെങ്കിൽ അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നാണ് ക്രിക്കറ്റ് രംഗത്തെ സംസാരം.
ഇന്ത്യ ട്വന്റി-20 ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന വർഷമാണിത്. ലോകകപ്പ് വേദികളിൽ ഒന്നായി ഗ്രീൻഫീൽഡും സജീവ പരിഗണനയിലുണ്ട്.ഇവിടെ നടന്ന മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച വിരാട് കൊഹ്‌ലിയടക്കമുള്ളവർ മികച്ച അഭിപ്രായമാണ് ഗ്രൗണ്ടിനെക്കുറിച്ച് ബി.സി.സി.ഐക്ക് നൽകിയിരിക്കുന്നത്. അതിനാലാണ് ലോകകപ്പ് വേദിയായി പരിഗണിക്കുന്നത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ മത്സരങ്ങളിലെ പിച്ച് വിലയിരുത്തിയ ശേഷം ഈ സീസൺ ഐ.പി.എല്ലിലെ ചില മത്സരങ്ങൾ കാര്യവട്ടത്ത് നടത്താനും ആലോചനകൾ സജീവമായിരുന്നു.ഇതിനെല്ലാം തുരങ്കം വയ്ക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ നീക്കങ്ങൾ.
ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ പരമ്പരയ്ക്ക് അനുമതി നേടി കേരള ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞയാഴ്ച സർക്കാരിന് അപേക്ഷ നൽകിയിരുന്നു. അപ്പോഴാണ് കെ.സി.എ ചോദിച്ച സമയത്ത് ആർമി റിക്രൂട്ട്മെന്റിന് വിട്ടുകൊടുത്തതായി അറിഞ്ഞത്. ആർമി റിക്രൂട്ട്മെന്റിന് മറ്റ് സ്റ്റേഡിയങ്ങളിൽ അവസരമുള്ളപ്പോൾ കാര്യവട്ടത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് നടത്തണമെന്നാണ് കായിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതേക്കുറിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.