o-rajagopal

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ താൻ ശക്തമായി എതിർക്കണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെന്നും എന്നാൽ അതിനു എങ്ങനെയാണ് സാധിക്കുകയെന്നും ബിജെപിയിലെ മുതിർന്ന നേതാവ് ഒ രാജഗോപാൽ. താൻ തന്റെ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും പ്രവർത്തിക്കുന്നതെന്നും ഇപ്പോൾ എതിർചേരിയിലാകുന്നവർ നാളെ നമ്മുടെ ചേരിയിലേക്കു വരാം എന്നതു കണ്ടു വേണം രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. അന്ധമായ എതിർപ്പ്പ്രയോജനം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മലയാള വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

കൂടെ നിൽക്കേണ്ടവർ, നാളെ കൂടെ വരേണ്ടവർ എന്നിങ്ങനെ രണ്ടു തരത്തിൽപ്പെട്ട ആൾക്കാർ മാത്രമാണ് രാഷ്ട്രീയത്തിൽ ഉള്ളതെന്നും ഒ രാജഗോപാൽ അഭിപ്രായപ്പെടുന്നു. അത്തരം സമീപനത്തോടെ മുന്നോട്ട് പോകാനാണ് താൻ ശ്രമിക്കുന്നതെന്നും എല്ലാവരോടും സൗഹൃദം സൂക്ഷിച്ചുകൊണ്ട് നീങ്ങുക എന്നതാണ് ആത്യന്തികമായി രാഷ്ട്രീയത്തിൽ ലാഭകരമെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തില് സമീപനം പാർട്ടിയിലെ എല്ലാവർക്കും ദഹിച്ചു എന്ന് വരില്ല. പക്ഷെ, എനിക്ക് വേറെ ഗൂഢലക്ഷ്യങ്ങളൊന്നുമില്ലെന്ന് അവർക്കറിയാം. അദ്ദേഹം പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലൂടെ ബിജെപിക്ക് മുന്നോട്ട് വരാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ആഗ്രഹിച്ച രീതിയിലുള്ള മുന്നേറ്റം ഉണ്ടായിട്ടില്ലെന്നും ഒ രാജഗോപാൽ പറഞ്ഞു. ബിജെപി വളർന്നു വരുന്നു എന്ന ധാരണ പൊതുവേ പരന്നു കഴിഞ്ഞു. അത് ആപത്താണ് എന്ന ചിന്താഗതി ഉയർത്തി അതു നിയന്ത്രിക്കാൻ യുഡിഎഫും എൽഡിഎഫും പരസ്പര ധാരണ ഉണ്ടാക്കുന്നു. ഞങ്ങൾ ജയിക്കാൻ ഇടയുള്ള വാർഡുകളിൽ അവർ ഒരുമിച്ചായി ഞങ്ങളെ രണ്ടോ മൂന്നോ സ്ഥാനങ്ങളിലേക്കു പുറന്തള്ളും. പ്രതീക്ഷയും യാഥാർഥ്യവും തമ്മിൽ വ്യത്യാസമുണ്ടാകുന്നതിന്റെ പ്രധാന കാരണം അതാണെന്നും ബിജെപി നേതാവ് പറഞ്ഞു.