lulu

ജിദ്ദ: സൗദി വനിതകൾ മാത്രം ജീവനക്കാരായ ആദ്യ ലുലു സ്‌റ്റോർ സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവർത്തനം തുടങ്ങി. ലുലു ഗ്രൂപ്പിന്റെ 201-ാമത്തെയും സൗദിയിലെ 20-ാമത്തെയുമാണ് ഈ ലുലു എക്‌സ്‌പ്രസ് സ്‌റ്റോർ. സൗദിയുടെ 'വിഷൻ 2030" വികസനപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ്, സ്‌ത്രീശക്തീകരണം വിളിച്ചോതി ലുലു ഗ്രൂപ്പിന്റെ ഈ പുത്തൻ ചുവടുവയ്പ്.

ജിദ്ദ അൽ ജാമിയ കിംഗ് അബ്‌ദുൽ അസീസ് യൂണിവേഴ്‌സിറ്റിക്ക് സമീപം 37,000 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് സ്‌റ്റോർ ഒരുക്കിയിട്ടുള്ളത്. മഹാ മുഹമ്മദ് അൽ ഖർനിയാണ് സ്‌റ്റോറിന്റെ ജനറൽ മാനേജർ. 100ലേറെ സൗദി വനിതകളാണ് ഇവിടുത്തെ ജീവനക്കാർ. സ്‌ത്രീശാക്‌തീകരണത്തിന് ഊന്നൽ നൽകുന്ന സൗദി ഭരണകൂടത്തോടുള്ള ലുലുവിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതിയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. കൂടുതൽ സ്വദേശി സ്‌ത്രീകൾക്ക് പുതിയ അവസരങ്ങൾ നൽകാൻ പദ്ധതി പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ ആദ്യ സ്‌ത്രീകേന്ദ്രീകൃത മാർക്കറ്റിന്റെ ഭാഗമായത് അഭിമാനാർഹമാണെന്ന് മഹാ മുഹമ്മദ് അൽ ഖർനി പറഞ്ഞു. 800ലധികം വനിതകൾ ഉൾപ്പെടെ 3,000ലേറെ സ്വദേശികളാണ് സൗദിയിൽ ലുലുവിന്റെ ഭാഗമായുള്ളതെന്ന് ലുലു സൗദി ഡയറക്‌ടർ ഷെഹീം മുഹമ്മദ് പറഞ്ഞു.