
കൊച്ചി: വരും തലമുറയ്ക്ക് വേണ്ടി വിപുലവും ഗുണമേന്മയുമുള്ള പദ്ധതികളാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.110 ലക്ഷം കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. തീരദേശങ്ങൾ, വടക്കുകിഴക്കൻ മേഖലകൾ, മലയോരപ്രദേശങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.
മുഴുവൻ ഗ്രാമങ്ങളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കും. സമുദ്ര കേന്ദ്രീകൃതമായ സമ്പദ്‌വ്യവസ്ഥയും ശക്തിപ്പെടുത്തും. പ്രധാനമന്ത്രി മത്സ്യസമ്പദ യോജന അത്തരം പദ്ധതിയാണ്. മത്സ്യത്തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ പദ്ധതിക്ക് കഴിയും. കിസാൻ ക്രെഡിറ്റ് കാർഡിന് തുല്യമായ ആനുകൂല്യങ്ങൾ മത്സ്യത്തൊഴിലാളികൾക്കും ലഭ്യമാക്കും. സമുദ്രോത്പന്ന കയറ്റുമതിയുടെ ഹബായി ഇന്ത്യയെ മാറ്റും.
പ്രവാസികളുടെ ക്ഷേമത്തിന് മുന്തിയ പരിഗണന നൽകുന്നുണ്ട്. കൊവിഡ് കാലത്ത് ഗൾഫിൽ നിന്നുൾപ്പെടെ നാട്ടിലെത്തിച്ചവരിൽ ഭൂരിപക്ഷവും മലയാളികളായിരുന്നു. ഗൾഫ് സന്ദർശിച്ചപ്പോൾ പ്രവാസികളുമായി ഇടപെടാനും പ്രശ്നങ്ങൾ മനസിലാക്കാനും കഴിഞ്ഞു. അവരോട് പ്രത്യേക പരിഗണന കാണിച്ച ഗൾഫ് രാജ്യങ്ങളോട് നന്ദിയുണ്ട്.
ബഡ്‌ജറ്റിൽ കേരളത്തിന് നിരവധി പദ്ധതികൾ നൽകി. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് തുക അനുവദിച്ചു. മെട്രോ ഒന്നാംഘട്ടത്തിന്റെ പൂർത്തീകരണം പ്രൊഫഷണലിസത്തിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.