
ബാലപീഡനത്തെക്കുറിച്ച് അഭിമുഖ സംഭാഷണത്തിൽ വെളിപ്പെടുത്തി വിവാദ നായകനായ ഫ്രഞ്ച് എഴുത്തുകാരനാണ് ഗബ്രിയേൽ മാറ്റ്സ്‌നെഫ്. 1990ൽ നൽകിയ ടെലിവിഷൻ അഭിമുഖത്തിലാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമൊപ്പം കിടക്ക പങ്കിട്ടതിനെക്കുറിച്ച് മാറ്റ്സ്നെഫ് പറഞ്ഞത്. ഒരു സാധാരണ കാര്യം പോലെ മാറ്റ്സ്‌നെഫ് അത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വായനക്കാരിൽ പലരും നടുങ്ങി. 20 കഴിഞ്ഞ യുവതികൾ പോലും തന്നിൽ മടുപ്പുളവാക്കുന്നു. മൂന്നും നാലും കുട്ടികളുമായിപ്പോലും ഒരുമിച്ചു താൻ കിടക്ക പങ്കിടാറുണ്ടെന്നും അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മേയർ മുതൽ ഫ്രഞ്ച് പ്രസിഡന്റു വരെയുള്ളവരുമായി സൗഹൃദം പങ്കിടുന്ന മാറ്റ്സ്‌നെഫിനെ ചോദ്യം ചെയ്യാൻ പോലും ആരും ധൈര്യപ്പെട്ടില്ല. എന്നാൽ മുപ്പത് വർഷങ്ങൾക്കിപ്പുറം ലൈംഗിക കുറ്റകൃത്യങ്ങളിൽ വിചാരണ ഭയന്ന് ഫ്രാൻസിൽ നിന്ന് ഇറ്റലിയിലേക്ക് പലായനം ചെയ്യേണ്ടിവന്നു മാറ്റ്സ്‌നെഫിന്. അതിന് കാലം കരുതി വച്ച ആയുധമായത് മാറ്റ്സ്‌നെഫിന്റെ പീഡനത്തിന് ഇരയായ എഴുത്തുകാരിയും.
2020 ജനുവരിയിലാണ് എഴുത്തുകാരിയും എഡിറ്ററുമായ വനേസ സ്പ്രിംഗോറയുടെ സമ്മതം ( LE CONSENTMENT ) എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്. സമ്മതത്തിൽ വനേസ എഴുതിയിരിക്കുന്നത് സ്വന്തം കഥയായിരുന്നു. 14–ാം വയസിൽ രണ്ടു വർഷത്തോളം തന്നേക്കാൾ മൂന്നിരട്ടി പ്രായമുള്ള മാറ്റ്സ്‌നെഫ് എന്ന എഴുത്തുകാരൻ ലൈംഗികമായി ദുരുപയോഗം ചെയ്തതിനെക്കുറിച്ച്. 16 വയസു വരെ വനേസയ്ക്ക് മാറ്റ്സ്‌നെഫിന്റെ പീഡനം സഹിക്കേണ്ടിവന്നു. പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ മാറ്റ്സ്‌നെഫിനെ വെറുതെ വിടരുതെന്നും അർഹിക്കുന്ന ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് രാജ്യത്ത് സമരപരമ്പരകൾ തന്നെ നടന്നു.. ഇതിനെ തുടർന്നാണ് അദ്ദേഹം രാജ്യം വിട്ടത്.
ഫ്രാൻസിൽനിന്ന് ഇറ്റലിയിലെത്തിയെങ്കിലും ഈ വർഷം സെപ്തംബറിൽ 84കാരനായ മാറ്റ്സ്‌നെഫിന് വിചാരണ നേരിടേണ്ടിവന്നേക്കാം. കോടതിയിൽ ശക്തമായ തെളിവാകാൻപോകുന്നത് വനേസയുടെ പുസ്തകം തന്നെയാണ്. ഇപ്പോൾ വനേസയുടെ പുസ്തകം ഇംഗ്ലിഷിലും പ്രസിദ്ധീകൃതമാകുകയാണ്. വനേസ തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങൾ ഒന്നൊന്നായി തന്റെ പുസ്തകത്തിൽ തുറന്നുപറഞ്ഞപ്പോൾ ഒരുവിഗ്രഹം എറിഞ്ഞുടയ്ക്കപ്പെടുകയായിരുന്നു. 1974 ൽ മാറ്റ്സ്‌നെഫ് പ്രസിദ്ധീകരിച്ച 16 വയസ്സിനു താഴെയുള്ളവർ എന്ന പുസ്തകത്തൽ. കൊച്ചുകുട്ടികളുമായുള്ള ബന്ധങ്ങളെക്കുറിച്ചാണ് അദ്ദേഹം മറയില്ലാതെ വിവരിച്ചത്. അവരിൽ ഒരാൾ വനേസ ആയിരുന്നുവെന്ന്‌ലോകം തിരിച്ചറിഞ്ഞത് അവരുടെ പുസ്തകം പുറത്തുവന്നപ്പോൾ മാത്രം.
14–ാം വയസ്സിൽ ഒരു അത്താഴവിരുന്നിൽവച്ചാണത്രേ വനേസ മാറ്റ്സ്‌നെഫ്‌നെ കണ്ടുമുട്ടുന്നത്. മൂന്നിരട്ടി പ്രായമുണ്ടായിരുന്ന അദ്ദേഹം വനേസയെ വശീകരിച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു.
പ്രായമോ മറ്റു സാഹചര്യമോ പരിഗണിക്കാതെ ആ ബന്ധം തുടർന്നതു രണ്ടുവർഷത്തോളം. അന്നൊരിക്കലും മുതിർന്നതിനുശേഷം വനേസയ്ക്കുനേരിടേണ്ടിവന്നേക്കാവുന്ന കുറ്റബോധത്തെക്കുറിച്ച്, പശ്ചാത്താപത്തെക്കുറിച്ച് മാറ്റ്സ്‌നെഫ് ചിന്തിച്ചില്ല. ബന്ധം പരസ്പര സമ്മതത്തോടെയാണെന്നു വരുത്താനും അദ്ദേഹം ശ്രമിച്ചിരുന്നു.ഒരാൾപോലും തനിക്കെതിരെ ശബ്ദമുയർത്തില്ല എന്നദ്ദേഹം കരുതി. അതിനാണ് ഇപ്പോൾ അന്ത്യമായത്.