
കൊച്ചി:പാലാ സീറ്റ് തർക്കത്തിൽ പരസ്യമായി പ്രതിഷേധിച്ച് എൻ.സി.പി. സംസ്ഥാന അദ്ധ്യക്ഷൻ ടി. പി. പീതാംബരൻ. ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥയുടെ ഉദ്ഘാടന സമ്മേളനം കൊച്ചി മറൈൻ ഡ്രൈവിൽ നടക്കവെയാണ് ടി. പി. പീതാംബരൻ പാലാ സീറ്റ് നഷ്ടപ്പെട്ടതിലുളള അതൃപ്തി പരസ്യമാക്കിയത്. പാലാ സീറ്റ് നഷ്ടപ്പെട്ടതിൽ പ്രതിഷേധവും സങ്കടവും ഉണ്ടെന്ന് ജോസ് കെ. മാണിയെ വേദിയിലിരുത്തി ടി. പി. പീതാംബരൻ പറയുകയായിരുന്നു.
ഉദ്ഘാടകനായ സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ, എം. വി. ഗോവിന്ദൻ, ജോസ് കെ. മാണി എന്നിവർക്ക് ശേഷമാണ് എൻ.സി.പി. സംസ്ഥാന അദ്ധ്യക്ഷൻ ടി. പി. പീതാംബരനെ പ്രസംഗിക്കാൻ ക്ഷണിച്ചത്. പ്രസംഗത്തിന്റെ അവസാന ഭാഗത്താണ് ഘടകകക്ഷി നേതാക്കളെയും ജോസ് കെ. മാണിയേയും വേദിയിലിരുത്തി പാല സീറ്റ് നഷ്ടപ്പെട്ടതിലുള്ള പ്രതിഷേധം അദ്ദേഹം അറിയിച്ചത്. പ്രസംഗം അവസാനിച്ചതിനു തൊട്ടുപിന്നാലെ ജോസ് കെ മാണി വേദിവിട്ടതും ഏറെ ശ്രദ്ധേയമായി.