
ഭോപ്പാൽ: ഇന്ത്യയിൽ ആദ്യമായി പെട്രോൾ വില 100 കടന്നു. പ്രീമിയം പെട്രോളിന്റെ വിലയാണ് നൂറ് കടന്നത്. ഇതുകാരണം മൂന്നക്കം കാണിക്കാൻ കഴിയാത്ത ഡിസ്‌പ്ളേകളുമായി ബുദ്ധിമുട്ടുകയാണ് മദ്ധ്യപ്രദേശിലെ ഭോപ്പാലിലുള്ള ഏതാനും പഴയയിനം പമ്പുകൾ. 'ദ വീക്ക്' മാസികയുടെ ഓൺലൈൻ പതിപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഭോപ്പാലിലെ പെട്രോൾ വില 100.04 രൂപയാണെന്ന് എംപി പെട്രോൾ പമ്പ് ഓണേഴ്‌സ് അസോസിയേഷനും പറയുന്നു.
എന്നാൽ മൂന്ന് മുതൽ നാല് ശതമാനം ഇന്ധന സ്റ്റേഷനുകളിൽ മാത്രമാണ് പഴയ പമ്പുകൾ ഉള്ളതെന്നും ഡിസ്‌പ്ളേ പ്രശ്നം പരിഹരിക്കാൻ ഇത്തരമാർഗങ്ങളുണ്ടെന്നും അതിനാൽ ഇത് ഇന്ധന വിൽപ്പനയെ ബാധിച്ചിട്ടില്ലെന്നും ഇവർ അറിയിച്ചു. മാത്രമല്ല, സംസ്ഥാനത്ത് ആകമാനം വിൽക്കുന്ന പെട്രോളിന്റെ 0.5 ശതമാനം മാത്രമാണ് അവിടെ വിൽക്കപ്പെടുന്ന പ്രീമിയം പെട്രോളെന്നും അസോസിയേഷൻ പ്രസിഡന്റായ അജയ് സിംഗ് പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിന് വില തദ്ദേശീയമായും വില കൂടാൻ കാരണമായതെന്നും സിംഗ് പറയുന്നുണ്ട്. മദ്ധ്യപ്രദേശിൽ സാധാരണ പെട്രോളിന് ലിറ്റർ കണക്കിൽ 96.37 രൂപയ്ക്കും ഡീസലിന് 86.84 രൂപയുമാണ് ഇപ്പോൾ ഈടാക്കുന്നത്. ഈ വർഷം ആരംഭിച്ച ശേഷം ഇത് പതിനേഴാം തവണയാണ് ഇന്ധന വില വർദ്ധിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്ധന നികുതി നിലനിൽക്കുന്ന സംസ്ഥാനമാണ് മദ്ധ്യപ്രദേശ്. അതിനിടെ, രാജസ്ഥാനിലെ മൂന്ന് ജില്ലകളിൽ പ്രീമിയം പെട്രോൾ വില 100 കടന്നതായി ദേശീയ മാദ്ധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.