
കേന്ദ്രം ഇന്ധനവിലയിൽ 20 രൂപ വർദ്ധിപ്പിച്ചാൽ കേരളം 25 രൂപയാണ് കൂട്ടുന്നതെന്ന ആരോപണവുമായി സംവിധായകനും നടനുമായ മേജർ രവി. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിനെ ജനം ചോദ്യം ചെയ്യണമെന്നും സംസ്ഥാന സർക്കാരിന് ജനങ്ങളോട് അത്രയും ഇഷ്ടമുണ്ടെങ്കിൽ നികുതി വേണ്ടായെന്ന് പറയട്ടെ എന്നും മേജർ രവി പറഞ്ഞു.
'എവിടെയൊക്കെ കയ്യിട്ടുവാരാൻ പറ്റുമെന്ന് നോക്കി. ഒന്നുമില്ലേൽ പോലീസുകാരോട് പറയും ഇത്ര പെറ്റിയടിച്ചിട്ട് വായെന്ന്. ആ പാവങ്ങൾ മനസ്സിലാമനസ്സോടെ പെറ്റിയടിക്കും. അവർക്കുമുണ്ടാകും സങ്കടം. എങ്ങനെ ഞാനീ പാവപ്പെട്ടവരെ കൈയ്യിൽ നിന്ന് പിടിച്ചുപറിക്കും എന്നായിരിക്കും അവരുടെ സങ്കടം.'-മേജർ രവി കുറ്റപ്പെടുത്തി.
ഏത് രാഷ്ട്രീയ പാർട്ടിയായാലും, പാർട്ടികൾ കാര്യങ്ങൾ തീരുമാനിക്കുന്ന നില മാറിയിട്ട് ജനങ്ങൾ തീരുമാനങ്ങളെടുക്കുന്ന സാഹചര്യം വരണമെന്നും മേജർ രവി പറഞ്ഞു.
ഐശ്വര്യ കേരള യാത്രാ വേദിയിൽ മുഖ്യാതിഥിയായി മേജർ രവി എത്തിയ സമയത്ത് അദ്ദേഹം കോൺഗ്രസിൽ ചേരാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് താൻ യാത്രയുടെ ഭാഗമായി മാത്രം എത്തിയതാണെന്നും വ്യാജ വാർത്തകളിൽ വീഴാതെ സൂക്ഷിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചിരുന്നു.