
കോട്ടയം: മാണി സി കാപ്പൻ എം എൽ എ ഈ മാസം തന്നെ പുതിയ പാർട്ടി പ്രഖ്യാപിക്കും. ഭരണഘടന, കൊടി, രജിസ്ട്രേഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ മാണി സി കാപ്പൻ ചെയർമാനും, അഡ്വ ബാബു കാർത്തികേയൻ കൺവീനറുമായി പത്തംഗ സമിതിയെ നിയോഗിച്ചു.
രണ്ടാഴ്ചക്കകം ജില്ലാ തലത്തില്‍ കമ്മിറ്റികൾ രൂപീകരിക്കും. പ്രവർത്തനങ്ങൾ വിലയിരുത്താൻ അടുത്ത ഞായറാഴ്ച തിരുവനന്തപുരത്ത് വീണ്ടും യോഗം ചേരും. പാർട്ടിക്ക് എൻ സി പി കേരള എന്ന പേര് നൽകിയേക്കും. മൂന്നു സംസ്ഥാന ജനറൽ സെക്രട്ടറിമാർ ഉൾപ്പടെ പത്തു നേതാക്കളാണ് കഴിഞ്ഞദിവസം കാപ്പനൊപ്പം എൻസിപി അംഗത്വം രാജിവച്ചത്.
സർക്കാരിൽ നിന്നു ലഭിച്ച കോർപ്പറേഷൻ ചെയർമാൻ, ബോർഡ് മെമ്പർ സ്ഥാനങ്ങൾ കാപ്പനോടൊപ്പമുള്ളവർ ഉടൻ രാജിവയ്ക്കും. പാലായിലെ ശക്തി പ്രകടനത്തിലെ പങ്കാളിത്തം കാപ്പന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. പാർട്ടി രൂപീകരണം വേഗത്തിലാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതും ഈ പിന്തുണ തന്നെയാണ്.