
അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ വേദിയിൽ ബോധരഹിതനായി വീണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണ്. അദ്ദേഹം ഉടൻതന്നെ ആശുപത്രി വിട്ടേക്കും എന്നാണ് റിപ്പോർട്ട്.

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് വിജയ് രൂപാണി ബോധരഹിതനായി വീണത്.
വഡോദരയിലെ നിസാംപുര മേഖലയിലെ റാലിക്കിടെയായിരുന്നു സംഭവം. പ്രഥമശുശ്രൂഷ നൽകിയശേഷം അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെലികോപ്റ്ററിലാണ് വഡോദരയിൽ നിന്ന് അഹമ്മദാബാദിലെ ആശുപത്രിയിൽ എത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ ബന്ധപ്പെടുകയും രൂപാണിയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. ഈ മാസം 21,28 തീയതികളിലാണ് സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പുകൾ നടക്കുന്നത്.