
ഹൈദരാബാദ്: കൊവിഡ് വാക്‌സിൻ നൽകാനെന്ന വ്യാജേന വൃദ്ധ ദമ്പതികളെ കബിളിപ്പിച്ച് യുവതി സ്വർണം തട്ടിയെടുത്തു. ഹൈദരാബാദിൽ 80 വയസുളള കുന്ദള ലക്ഷ്‌മണും എഴുപത് വയസായ ഭാര്യ കസ്‌തൂരിയുമാണ് തട്ടിപ്പിന് ഇരയായത്. മുൻ പരിചയം മുതലെടുത്ത് അനൂഷ എന്ന യുവതിയാണ് ഇരുവരെയും വലയിലാക്കിയത്.
വൃദ്ധ ദമ്പതികളുടെ വീട്ടിൽ അനൂഷ മുമ്പ് വാടകയ്‌ക്ക് താമസിച്ചിട്ടുണ്ട്. വീട് മാറി പോയെങ്കിലും ഇരുവരുമായുളള പരിചയം യുവതി തുടർന്നിരുന്നു. നേഴ്‌സ് ആയതിനാൽ അനൂഷയ്‌ക്കും തങ്ങൾക്കുമുളള വാക്‌സിൻ സൗജന്യമായി കിട്ടുമെന്ന് യുവതി പറഞ്ഞു വിശ്വസിപ്പിച്ചെന്ന് കസ്‌തൂരി പറഞ്ഞു. തുടർന്ന് ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തി അനൂഷ ഇരുവർക്കും കൊവിഡ് വാക്‌സിൻ ആണെന്ന് പറഞ്ഞ് കുത്തിവയ്പ്പ് നൽകുകയായിരുന്നു.
മരുന്ന് കുത്തിവച്ചയുടൻ ഇരുവരും അബോധാവസ്ഥയിലായി. ഇങ്ങനെ സംഭവിക്കുമെന്നും ഭയപ്പെടേണ്ടതില്ലെന്നും അനൂഷ ഇവരോട് നേരത്തെ പറഞ്ഞിരുന്നു. മണിക്കൂറുകൾക്ക് ശേഷം ബോധം തെളിഞ്ഞപ്പോഴാണ് വീട് കൊളളയടിക്കപ്പെട്ടു എന്ന് ബോദ്ധ്യമായത്. ഉടൻ തന്നെ ഇവർ പൊലീസിൽ വിവരമറിയിച്ചു. പരിശോധനയിൽ മയങ്ങാനുളള മരുന്നാണ് അനൂഷ കുത്തിവച്ചതെന്ന് മനസിലായി. പത്ത് പവനോളം സ്വർണവുമായാണ് അനുഷ കടന്നതെന്നും അവർക്കായുളള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.