road

കുറ്റിച്ചൽ: റോഡിലെ കുഴിയടയ്ക്കാത്തതിൽ വേറിട്ട പ്രതിഷേധം നടത്തി നാട്ടുകാർ. കോട്ടൂർകോട്ടൂർ കുമ്പിൾ മൂട് പാലത്തിനു സമീപത്തെ അപകടം പതിയിരിക്കുന്ന വലിയ കുഴി അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ആകാതായതോടെ നാട്ടുകാർ ഗർത്തത്തിനുള്ളിൽ കിടന്നു പ്രതിഷേധിച്ചത്. നിരവധി പരാതികൾ പറഞ്ഞിട്ടും കുറ്റിച്ചൽ ഗ്രാമപഞ്ചായത്തോ,ബ്ലോക്ക് പഞ്ചായത്തോ,ജില്ലാ പഞ്ചായത്തോ,എം.പി യോ എം.എൽ.എയോ തിരിഞ്ഞു നോക്കിയില്ലന്നും അതിനാൽ അധികാരികൾ നേരിട്ടെത്തി പ്രശ്നപരിഹാരം കാണുന്നതുവരെ റോഡിൽ കുത്തിയിരിക്കുമെന്നുറച്ചാണ് നാട്ടുകാർ സംഘടിച്ചത്. നാട്ടുകാരിലൊരാളായ നസീർ റോഡിലെ കുഴിയിൽ ഇറങ്ങിക്കിടന്നു.

ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തിലേക്കും അഗസ്ത്യവന താഴ്വാരത്തെ ആദിവാസി ഊരുകളിലേക്കും പോകുന്നതിനുമുള്ള പ്രധാന പാതയിലാണ് വലിയ കുഴി രൂപപ്പെട്ടത്. പ്രതിഷേധം ശക്തമായി ഗതാഗതവും തടസ്സമായതോടെ നെയ്യാർ ഡാം പൊലീസും ജനപ്രതിനിധികളും പി.ഡബ്ലിയു.ഡി എഞ്ചിനിയർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരെത്തി തിങ്കളാഴ്ച പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പു നൽകി. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധ സമരം അവസാനിച്ചത്.