nikitha-jacob

ന്യൂഡൽഹി: ആഗോള പരിസ്ഥിതി പ്രവർത്തകയായ ഗ്രേ‌റ്റ തുൻബെർഗിന്റെ ടൂൾകി‌റ്റുമായി ബന്ധപ്പെട്ട കേസിൽ മലയാളി പരിസ്ഥിതി പ്രവർത്തകയ്‌ക്ക് അറസ്‌റ്റ് വാറണ്ട്. പരിസ്ഥിതി പ്രവർത്തക നികിത ജേക്കബിനാണ് ഡൽഹി പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മുംബയ് ഹൈക്കോടതിയിലെ അഭിഭാഷകയാണ് നികിത.

ബംഗളൂരു സ്വദേശിനിയായ പരിസ്ഥിതി പ്രവർത്തക 21 വയസുകാരിയായ ദിഷ രവിയെ ഇതേ കേസിൽ ഇന്നലെയാണ് ഡൽഹി സ്‌പെഷ്യൽ സെൽ കസ്‌റ്റഡിയിലെടുത്തത്. സോലദേവനഹള‌ളിയിലെ വീട്ടിൽ നിന്നാണ് ദിഷയെ കസ്‌റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെ ഡൽഹിയിലേക്ക് കൊണ്ടുപോയി. കർ‌ഷക സമരവുമായി ബന്ധപ്പെട്ട് ദിഷ ടൂൾകി‌റ്റ് ഷെയർ ചെയ്‌തതിനാണിത്. നികിത ജേക്കബ് കഴിഞ്ഞ ദിവസം മുതൽ ഒളിവിലാണെന്ന് ഇവരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. തുടർന്നാണ് ഡൽഹി പൊലീസ് കോടതിയെ സമീപിച്ച് ജാമ്യമില്ലാ വാറണ്ട് വാങ്ങിയത്.