pinarayi-vijayan

തിരുവനന്തപുരം: പി എസ് സി ഉദ്യോ​ഗാർത്ഥികളുടെ ആവശ്യങ്ങൾ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. ലാസ്റ്റ് ​ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിലും തീരുമാനമെടുത്തില്ല. സെക്രട്ടേറിയറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ഉദ്യോ​ഗാർത്ഥികൾക്ക് അനുകൂലമായ തീരുമാനമൊന്നും എടുക്കാതെയാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോ​ഗം അവസാനിച്ചത്.

സി പി ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നുളള ആവശ്യം സർക്കാർ അം​ഗീകരിച്ചിട്ടില്ല. കൂടുതൽ തസ്തികകൾ സൃഷ്‌ടിക്കണമെന്നുളള ലാസ്റ്റ് ​ഗ്രേഡ് സർവന്റ്‌സ് ലിസ്റ്റിലുളളവരുടെ ആവശ്യവും പരി​ഗണിച്ചിട്ടില്ല. സമരം അവസാനിപ്പിക്കാനായി സർക്കാർ മുൻകൈയെടുത്ത് ഒത്തുതീർപ്പ് ചർച്ചകൾ നടത്തില്ലെന്നാണ് വിവരം.

താത്‌ക്കാലികമായി നിയമിച്ചവരെ സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് തസ്‌തിക പി എസ് സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്ന് വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. അതേസമയം, ചില വകുപ്പുകളിൽ താത്ക്കാലികമായി നിയമിച്ചവരെ സ്ഥിരപ്പെടുത്താനുളള തീരുമാനം ആയിട്ടുണ്ട്. ടൂറിസം വകുപ്പിലടക്കം 54 പേരെ സ്ഥിരപ്പെടുത്താനുളള തീരുമാനമാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. 15 വർഷം സർവീസുളളവരെയാകും സ്ഥിരപ്പെടുത്തുക.

പി എസ് സി ലിസ്റ്റിലുളള താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. അവർ പി എസ് സി ലിസ്റ്റിൽ നിന്ന് ജോലിക്ക് കയറട്ടേ എന്നും നിലപാടെടുത്തു. യോഗത്തിന്റെ പകുതി അജൻഡ മാറ്റിവച്ചിരിക്കുകയാണ്. ബുധനാഴ്‌ച വീണ്ടും മന്ത്രിസഭാ യോഗം ചേരും.