
കോലഞ്ചേരി: ചക്കകൊതിയന്മാർക്ക് ശനിദശ. വരിക്ക ചക്കയടക്കം അകത്താക്കാൻ ഇനി കൂടുതൽ 'ചുള' ഇറക്കണം ! കാലാവസ്ഥയിലുണ്ടായ മാറ്റം സംസ്ഥാനത്തെ ചക്കയുടെ വിളവിനെ സാരമായി ബാധിച്ചതാണ് വിനയായത്. ലഭ്യത കുറഞ്ഞതോടെ ഒരു ചക്കയ്ക്ക് വില 400രൂപ വരെയായി. നിലവിൽ കിലോഗ്രാമിന് 20 30 രൂപ നിരക്കിലാണ് വില്പന. കോട്ടയം, ഇടുക്കി ജില്ലകളിൽ ഉത്പാദനം തീരെ കുറഞ്ഞു. മറ്റു ജില്ലകളിൽ ചക്ക വൈകിയാണ് വിരിഞ്ഞിട്ടുള്ളത്. ചക്ക കിട്ടുമെങ്കിൽ വില എത്രയായാലും കുഴപ്പമില്ലെന്നാണ് ആവശ്യക്കാർ പറയുന്നത്. ലോക്ക് ഡൗൺ കാലത്ത് മലയാളികളുടെ ഇഷ്ടവിഭവമായിരുന്നു ചക്ക. സാധാരണ വരിക്കച്ചക്കയ്ക്കാണു പ്രിയമെങ്കിലും ഇത്തവണ ചക്ക ഏതായാലും മതിയെന്ന നിലയിലായി കാര്യങ്ങളുടെ പോക്ക്.
വർഷവും നിറയെ കായ്ക്കുന്ന പ്ലാവിൽ ഇത്തവണ പേരിന് ഒന്നോ രണ്ടോ ചക്ക മാത്രമുള്ള സ്ഥിതിയാണ്. സംസ്ഥാന ഫലമായി സ്ഥാനക്കയറ്റം കിട്ടി ശേഷം ചക്കയുടെ ലഭ്യതക്കുറവ് ആദ്യമാണ്. അതേസമയം ഇക്കുറി ചക്ക തിന്നണമെങ്കിലും വലിയ വില നൽകേണ്ടി വരും. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കാൻ പല പ്രമുഖ കമ്പനികളും ചക്ക പ്രോസസിംഗ് യൂണിറ്റുകളും നെട്ടോട്ടത്തിലാണ്. തുലാവർഷം അവസാനിക്കുന്ന സമയമാണ് പ്ലാവിൽ ചക്ക പൊട്ടുന്നത്. എന്നാൽ ഇത്തവണ തുലാവർഷം കഴിഞ്ഞും മഴ തുടർന്നതോടെ പൂവ് കൊഴിഞ്ഞുപോയി. തിരിച്ചടിക്ക് കാരണം ഇതാണ്. കഴിഞ്ഞ സീസണിൽ ചക്ക ഉത്പാദനം കൂടുതലായിരുന്നെങ്കിലും കൊവിഡ് വ്യാപനം മൂലം കച്ചവടം നടന്നില്ല. ഇക്കുറി ആവശ്യക്കാരുള്ളപ്പോൾ വിളവുമില്ലാത്ത അവസ്ഥയിലാണ് കർഷകർ.