major-ravi

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പിയുമായി ഇടഞ്ഞ് കോൺഗ്രസ് വേദിയിലെത്തിയ മേജർ രവിയെ അനുനയിപ്പിക്കാനുളള ശ്രമം ആരംഭിച്ചു. ബി ജെ പി- ആർ എസ് എസ് നേതാക്കൾ മേജർ രവിയുമായി സംസാരിച്ചു. എ എൻ രാധാകൃഷ്‌ണൻ, പി കെ കൃഷ്‌ണദാസ് അടക്കമുളള നേതാക്കൾ മേജർ രവിയുമായി സംസാരിച്ചതായാണ് വിവരം. എന്നാൽ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്ത മേജറിനെ തിരികെ കൊണ്ടുവരുന്നതിനോട് എം ടി രമേശ് അടക്കമുളള നേതാക്കൾക്ക് എതിർപ്പാണ്.

ഒറ്റപ്പാലം സീറ്റ് നൽകിയാൽ മേജർ രവിയെ തിരികെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാമെന്നാണ് ബി ജെ പിയിലെ ഒരുവിഭാഗം കണക്കുകൂട്ടുന്നത്. അതിനായുളള സമ്മർദ്ദ തന്ത്രമാണോ അദ്ദേഹം നടത്തിയതെന്നും ഇവർ സംശയിക്കുന്നു. കോൺഗ്രസ് വേദിയിൽ എത്തിയെങ്കിലും പാർട്ടി അംഗത്വമെടുക്കാൻ മേജർ രവി ഇതുവരെ തയ്യാറായിട്ടില്ല.

താൻ നേരത്തേ ഉന്നയിച്ച വിമർശനങ്ങൾ ബി ജെ പി നേതാക്കളുമായി പങ്കുവച്ചതായി മേജർ രവി പറഞ്ഞു. ഐശ്വര്യ കേരളയാത്രയുടെ സ്വീകരണയോഗത്തിൽ തന്നെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കേരള സന്ദർശനം നടത്തിയ പ്രധാനമന്ത്രി ബി ജെ പിയിലേക്ക് പുതിയ ആളുകളെ കൊണ്ടുവരുന്നതിനായി കേരള നേതൃത്വം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു.

ജനങ്ങൾക്ക് നല്ല അഭിപ്രായമുളള പ്രമുഖ വ്യക്തിത്വങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ശ്രദ്ധിക്കണമെന്നാണ് മോദിയുടെ നിർദ്ദേശം. ഈ നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മേജർ രവിയെ അനുനയിപ്പിക്കാനുളള ശ്രമം ബി ജെ പി നേതൃത്വം നടത്തുന്നത്. ചലച്ചിത്ര മേഖലയിലെ പല പ്രമുഖരേയും ബി ജെ പി ക്യാമ്പിലേക്ക് എത്തിക്കാനുളള കൊടുമ്പിരി കൊണ്ട ചർച്ചകളും ഇതിനിടെ നടക്കുന്നുണ്ട്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നേരിട്ടാണ് സിനിമാ താരങ്ങളെ ഉൾപ്പടെ കാണുന്നത്. ഇത്തരത്തിൽ നടക്കുന്ന ചർച്ചകൾ രണ്ട് ദിവസത്തിനകം പൂർത്തിയാകുമെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി ബി ജെ പിയിലേക്ക് പ്രമുഖരുടെ ഒഴുക്ക് തന്നെയുണ്ടാകും. ക്രിക്കറ്റ് താരം ശ്രീശാന്ത്, ചലച്ചിത്ര സംവിധായകൻ രാജസേനൻ, നടൻ ഭീമൻ രഘു തുടങ്ങിയവർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായണ് ബി ജെ പിയിലേക്ക് എത്തിയത്.