
ബംഗാൾ, ത്രിപുര, കേരളം; ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് കോട്ടകൾ എന്നറിയപ്പെട്ടിരുന്ന ഈ സംസ്ഥാനങ്ങളിൽ കേരളത്തിൽമാത്രമാണ് ഇന്ന് കമ്യൂണിസ്റ്റ് സർക്കാർ നിലനിൽക്കുന്നത്. ത്രിപുരയിൽ ബി ജെ പി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ബംഗാളിൽ അവർ പടിക്കലെത്തി നിൽക്കുന്നു. ഒരിയ്ക്കൽ വിപ്ലവ വീര്യത്തിൽ കേരളത്തിനെക്കാളും ഒരു പടി മുന്നിൽ നിന്ന സംസ്ഥാനങ്ങളാണ് ബംഗാളും ത്രിപുരയും. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യവുമായി തിരഞ്ഞെടുപ്പുകളെ സമീപിച്ച ബി ജെ പിക്ക് അവർ ആവിഷ്കരിക്കുന്ന പദ്ധതികളുപയോഗിച്ച് മിക്ക സംസ്ഥാനങ്ങളിലും വിജയം നേടുവാൻ കഴിയുന്നുണ്ട്. കേരളത്തിനൊപ്പം ബംഗാളിൽ അടുത്ത മാസങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ വരാൻ കഴിഞ്ഞാൽ ബംഗാൾ കോൺഗ്രസ് മുക്തം മാത്രമല്ല കമ്മ്യൂണിസ്റ്റ് മുക്തവുമാക്കാൻ കഴിഞ്ഞു എന്ന് ബി ജെ പിക്ക് തെളിയിക്കാം. അത് സംഭവിച്ചാൽ പിന്നീട് ബി ജെ പിയുടെ പൂർണ ശ്രദ്ധ കേരളത്തിലേക്കാവും. ഇന്നത്തെ ബംഗാളിന്റെ അവസ്ഥയായിരിക്കുമോ നാളെ കേരളത്തിന്. ഈ വിഷയത്തിൽ കേരളകൗമുദി ദിനപത്രത്തിൽ ഡോ. അജയകുമാർ കോടോത്ത് എഴുതിയ ലേഖനം വായിക്കാം.
I will never allow patriotism to triumph over humanity as long as I live -Rabindranatha Tagore, 1908ടാഗോറിന്റെ ബംഗാൾ കേരളത്തോട് പറയാതെ പറയുന്നുണ്ട്; ഇന്ന് ഞാൻ, നാളെ നീ!നേതാജി സുഭാഷ് ചന്ദ്ര ബോസ് അനുസ്മരണ ദിനത്തിൽ കൊൽക്കത്തയിൽ നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ മമത ബാനർജി വെല്ലുവിളിക്കപ്പെട്ടത് 'ജയ് ശ്രീറാം" വിളികളോടെയായിരുന്നു. വിളിച്ചുവരുത്തി അപമാനിക്കരുതെന്ന് പരസ്യമായി പറയേണ്ടിവന്നു മമതയ്ക്ക്. ദേശീയ നവോത്ഥാന - സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായിരുന്ന ബംഗാളിന്റെ പടിവാതിക്കൽ എത്തിനിൽക്കുകയാണ് സംഘപരിവാർ. മതേതര ബംഗാളിന്റെ അന്ത്യം കുറിക്കാൻ, തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ തൃണമൂൽ കോൺഗ്രസ് ഭരണത്തെ അട്ടിമറിക്കാനുള്ള ജീവൻമരണ പോരാട്ടത്തിലാണവർ. ലക്ഷ്യം കോൺഗ്രസ് മുക്ത ബംഗാൾ !. 2021 ൽ ബംഗാളാണെങ്കിൽ 2026 ൽ അത് കേരളമാവില്ലേ?.
ചരിത്രം പറയുന്നത്
സി.പി.എമ്മിന്റെ സ്റ്റാലിനിസ്റ്റ് നയങ്ങളോട് പൊരുതാൻ 1988 ൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച മമത ബി.ജെ.പിയോടൊപ്പം ചേർന്നത് മുതൽക്കാണ് ബംഗാൾ രാഷ്ട്രീയത്തിൽ ബി.ജെ.പി ചുവടുറപ്പിക്കാൻ ആരംഭിച്ചത്. ഇന്ദിരാഗാന്ധിയോടും അടിയന്തരാവസ്ഥയോടും പൊരുതാൻ ജയപ്രകാശ് നാരായണനും ഇ.എം.എസും, ആർ.എസ്.എസിന് രാഷ്ട്രീയ മാന്യതയുടെ മുഖം സമ്മാനിച്ച 1970 കളിലെ ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളുമായി ഇതിനെ കൂട്ടിവായിക്കാം. 'ഏത് ചെകുത്താ"നെ കൂട്ടുപിടിച്ചും കോൺഗ്രസിനെ തകർക്കുകയെന്നതായിരുന്നു അന്ന് ഇ.എം.എസിന്റെയും സി.പി.എമ്മിന്റെയും ലക്ഷ്യം. ഇന്ദിരാഗാന്ധിക്കെതിരെ തന്റെ 'സമ്പൂർണ വിപ്ലവ" മുന്നേറ്റത്തിന്റെ നട്ടെല്ല് ആർ.എസ്.എസ് ആണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ ജയപ്രകാശ് നാരായണനും മടിച്ചില്ല. ജെ.പി.യുടെയും ഇ.എം.എസിന്റെയും അനുകൂല നിലപാടുകളെത്തുടർന്ന് പൊതുസ്വീകാര്യത ലഭിച്ച ആർ.എസ്.എസ് 1977 ൽ ജനത സർക്കാരിന്റെ ഭാഗമായി. സ്വതന്ത്ര ഭാരതത്തിൽ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ജൈത്രയാത്ര അവിടെ ആരംഭിച്ചുവെന്നത് ചരിത്രം.
1988, '99, 2004 പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ബംഗാളിൽ തൃണമൂലിന്റെ തണലിലായിരുന്നു ബി.ജെ.പി. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസുമായി സഖ്യം ചേർന്നു. 2011 ലെ തിരഞ്ഞെടുപ്പിൽ മൂന്ന് ദശാബ്ദത്തിലേറെ ബംഗാളിൽ നിലനിന്നിരുന്ന സി.പി.എം ആധിപത്യം മമത അവസാനിപ്പിച്ചു. ഗത്യന്തരമില്ലാതെ ഒറ്റയ്ക്ക് പൊരുതിയ ബി.ജെ.പി അന്ന് കേവലം 4.17 ശതമാനം വോട്ടിലൊതുങ്ങി. 2014 ലെ മോദിതരംഗത്തിൽ ബി.ജെ.പി ബംഗാളിൽ രണ്ട് പാർലമെന്റ് സീറ്റുകൾ മാത്രമേ നേടിയുള്ളുവെങ്കിലും വോട്ടുശതമാനം പതിനേഴായി ഉയർത്തി. ബംഗാൾ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് സി.പി.എം അപ്രത്യക്ഷമാകുന്നതിന്റെ ആരംഭവും ആ തിരഞ്ഞെടുപ്പിൽ കുറിക്കപ്പെട്ടു. തൃണമൂലിന്റെ അമിതാധികാര വാഞ്ചയെ ചെറുക്കാൻ സി.പി.എമ്മിൽ നിന്ന് ബി.ജെ.പി യിലേക്ക് കൂട്ടയൊഴുക്കുണ്ടായി.
2016 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ 45 ശതമാനം വോട്ടിന്റെ പിൻബലത്തോടെ മമത ഭരണം നിലനിറുത്തിയപ്പോൾ, കോൺഗ്രസ്-ഇടത് സഖ്യത്തിന് 39ശതമാനം വോട്ട് ലഭിച്ചെങ്കിലും സി. പി. എം കോൺഗ്രസിന് പിന്നിൽ 32 സീറ്റുകളിലൊതുങ്ങി. ബി.ജെ.പി യാകട്ടെ 2014 ലെ 17 ശതമാനം വോട്ടിന്റെ സ്ഥാനത്ത് 10 ശതമാനം വോട്ടിലേക്ക് കൂപ്പുകുത്തി. എന്നാൽ അടിത്തറയിളകി കഴിഞ്ഞ സി.പി.എമ്മിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് മുഖ്യപ്രതിപക്ഷമാകാനുള്ള ബി.ജെ.പി യുടെ ഭഗീരഥ പ്രയത്നം അധികം വൈകാതെ ഫലം കണ്ടു. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 2016 ലെ 10 ശതമാനം വോട്ടിൽ നിന്നും 18 സീറ്റുകൾ നേടിക്കൊണ്ട് 40 ശതമാനത്തിലേക്ക് ബി.ജെ.പി കുതിച്ചു. ബി.ജെ.പി യെ അല്ല, തൃണമൂലിനെ തോൽപ്പിക്കാൻ കോൺഗ്രസുമായി കൂട്ടുകൂടിയ സി.പി.എമ്മിന് ലഭിച്ചതാകട്ടെ കേവലം 7.5 ശതമാനം വോട്ടും പൂജ്യം സീറ്റും.
കോൺഗ്രസിന് രണ്ട് സീറ്റ് ലഭിച്ചത് ആശ്വാസമായി. 2016 നും 2019 നുമിടയിൽ സംഘപരിവാർ ബംഗാളിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വർഗീയധ്രുവീകരണ ശ്രമങ്ങൾ ലക്ഷ്യം കണ്ടുതുടങ്ങിയെന്നതാണ് യാഥാർത്ഥ്യം. തൃണമൂലിന് 2014 ൽ പാർലമെന്റിലേക്ക് ലഭിച്ച വോട്ടിൽ വെറും രണ്ട് ശതമാനത്തിന്റെ കുറവ് മാത്രമേ 2019 ൽ സംഭവിച്ചുള്ളുവെങ്കിലും സീറ്റുകളുടെ എണ്ണം 34 ൽ നിന്ന് 22 ആയി കുറഞ്ഞു. ബി.ജെ.പി ക്ക് സംസ്ഥാന ഭരണം പിടിച്ചെടുക്കാനുള്ള ആത്മവിശ്വാസം പകർന്ന ഘടകങ്ങളാണ് മേൽ വിവരിച്ചത്.
കാവിയണിയുമോ ബംഗാൾ?
2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പോടെ ആത്മവിശ്വാസം ചോർന്ന് തുടങ്ങിയ തൃണമൂൽ കോൺഗ്രസ് ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘപരിവാർ ശക്തികളിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്നു. ഇത് മറികടക്കാൻ പ്രായോഗികവും ബുദ്ധിപരവുമായ നീക്കം പഴയ വൈര്യം മറന്ന് തൃണമൂലും കോൺഗ്രസും സി.പി.എമ്മും കൈകോർക്കുകയാണ്. ബംഗാളിന്റെ കാവിവത്കരണമാണ് മുഖ്യവിപത്തെന്ന് തിരിച്ചറിഞ്ഞ് വിശാല മതേതര ഐക്യം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ ബംഗാൾ, കോൺഗ്രസ് മുക്തം മാത്രമല്ല കമ്മ്യൂണിസ്റ്റ് മുക്തവുമാകുമെന്ന ഭീഷണി നിലനിൽക്കുന്നു.
നാളെ കേരളം?
2021ൽ ബംഗാളിൽ സംഭവിച്ചേക്കാവുന്നതിന്റെ തനിയാവർത്തനമാകുമോ 2026 ൽ കേരളത്തിൽ ?. ബംഗാളിലും തമിഴ്നാട്ടിലുമുൾപ്പടെ നിലനിൽപ്പിനായി കോൺഗ്രസുമായി കൈകോർക്കാൻ തയ്യാറുള്ള സി.പി.എമ്മിന്റെ കേരളഘടകം പുലർത്തി പോരുന്ന കോൺഗ്രസ് വിരുദ്ധ നിലപാടാണ് ബംഗാളിന് പിറകെ അധികം വൈകാതെ കേരളവും കോൺഗ്രസ് മുക്തമാകുന്നതിനുള്ള സാഹചര്യത്തിന് വഴിയൊരുക്കിക്കൊണ്ടിരിക്കുന്നത്.
(ലേഖകൻ , മലബാറിലെ പ്രമുഖ ഗാന്ധിയൻ കമ്മ്യൂണിസ്റ്റും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കെ. മാധവന്റെ പുത്രനും പി.എസ്.സി മുൻ അംഗവുമാണ് )