
ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനുള്ള ഏറ്റവും മികച്ച രണ്ട് മാർഗങ്ങളാണ് ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളും (എഫ്ഡി) സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമും (എസ്‌സിഎസ്എസ്). ഇതുവഴി മികച്ച ആനുകൂല്യങ്ങളും ലഭിക്കുന്നു.
എന്നിരുന്നാലും അടുത്തിടെ നിരവധി പേർ എഫ്ഡി ഒഴിവാക്കി മറ്റ് നിക്ഷേപ മാർഗങ്ങൾ തേടി പോകാൻ തുടങ്ങി. ഇതോടെ ഉപഭോക്താക്കളെ തിരിച്ചുകൊണ്ടുവരാനായി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബോബ്) തുടങ്ങിയ ബാങ്കുകൾ കൂടുതൽ പലിശ വാഗ്ദ്ധാനം ചെയ്യാൻ തുടങ്ങി. വിവിധ ബാങ്കുകളിലെ പലിശ നിരക്കുകൾ ഇങ്ങനെ
എസ്ബിഐ
മുതിർന്ന പൗരന്മാർക്കായുള്ള എസ്ബിഐ പ്രത്യേക എഫ്ഡി സ്‌കീം സാധാരണ നിക്ഷേപകർക്ക് നൽകുന്ന നിരക്കിനേക്കാൾ 80 ബേസിസ് പോയിന്റുകളിൽ (ബിപിഎസ്) പലിശനിരക്ക് വാഗ്ദ്ധാനം ചെയ്യുന്നു. എസ്ബിഐ പൊതുജനങ്ങൾക്ക് അഞ്ച് വർഷത്തെ എഫ്ഡിയിൽ 5.4 ശതമാനം പലിശയാണ് നൽകുന്നത്.എന്നാൽ പ്രത്യേക എഫ്ഡി പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് 6.20 ശതമാനം പലിശ നൽകുന്നു.
ഐസിഐസിഐ ബാങ്ക്
മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 6.30 ശതമാനം പലിശനിരക്ക് ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്‌സ് എഫ്ഡി പദ്ധതി വാഗ്ദ്ധാനം ചെയ്യുന്നു.
ബാങ്ക് ഒഫ് ബറോഡ
മുതിർന്ന പൗരന്മാർ ഈ പദ്ധതിയിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ, പ്രത്യേക എഫ്ഡി സ്‌കീമിന് കീഴിൽ പലിശ നിരക്ക് 6.25 ശതമാനമായിരിക്കും, അത് 5 മുതൽ 10 വർഷം വരെ കാലാവധിയുള്ളതാണ്.
എച്ച്ഡിഎഫ്‌സി
എച്ച്ഡിഎഫ്‌സി ബാങ്ക് 75 ബിപിഎസ് ഉയർന്ന പലിശനിരക്ക് നൽകുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ എഫ്ഡി മുതിർന്ന പൗരന്മാർക്ക് 6.25% പലിശ വാഗ്ദ്ധാനം ചെയ്യുന്നു.