mullappally

തിരുവനന്തപുരം: സെക്രട്ടറിയേ‌റ്റിനു മുൻപിലെ ഉദ്യോഗാർത്ഥികളുടെ സമരത്തിനെതിരെയുള‌ള സിപിഎം നേതാക്കളുടെ നിലപാട് അംഗീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള‌ളി രാമചന്ദ്രൻ. യുവാക്കളുടെ ഇത്തരം സമരത്തെ പിന്തുണച്ച ചരിത്രമാണ് മുൻപ് സിപിഎമ്മിനുള‌ളത്. എന്നാൽ ഇപ്പോൾ നിയമന വിഷയത്തിൽ ഉദ്യോഗാർത്ഥികളുടെ സമരത്തിനെതിരെ തിരിയുകയാണ് സിപിഎം. മാത്രമല്ല അവരെ കലാപകാരികളായാണ് പാർട്ടി കാണുന്നത്. ധനകാര്യമന്ത്രി ഉൾപ്പടെ ഇത്തരത്തിൽ പ്രതികരിച്ചത് അംഗീകരിക്കാനാകില്ലെന്ന് മുല്ലപ്പള‌ളി പറഞ്ഞു.

ബുധനാഴ്‌ച നടക്കുന്ന ക്യാബിന‌റ്റ് യോഗത്തിൽ ഇവരുടെ ന്യായമായ ആവശ്യങ്ങൾ പരിഹാരം കണ്ടെത്താൻ വഴി വേണം. പുറംവാതിൽ നിയമനമല്ല വേണ്ടത് അവരുമായി ചർച്ചയിലൂടെയുള‌ള പ്രശ്‌നപരിഹാരമാണ്. അവരെ ശത്രുവായി കാണുന്നത് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്നും മുല്ലപ്പള‌ളി വിമർ‌ശിച്ചു. യുവാക്കളുമായി ചർച്ച നടത്താനുള‌ള മാനസികാവസ്ഥ മുഖ്യമന്ത്രി കാണിക്കണമെന്നും അവരോട് ദുരഭിമാനമല്ല വേണ്ടതെന്നും മുല്ലപ്പള‌ളി അഭിപ്രായപ്പെട്ടു.

എന്നാൽ ഉദ്യോഗാർത്ഥികളുടെ ആവശ്യം ധനമന്ത്രി തോമസ് ഐസക് വീണ്ടും തള‌ളി. ഉദ്യോഗാർത്ഥികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഉദ്യോഗാർത്ഥികളുമായി മുൻപ് നടത്തിയ ചർ‌ച്ചയിൽ പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറ് മാസം നീട്ടാനും എൽജിഎസ് റാങ്ക്‌ലിസ്‌റ്റിന് ഒരുമാസം അധികകാലാവധി അനുവദിക്കാനും പ്രമോഷൻ വേഗത്തിലാക്കാനും സർ‌ക്കാർ തീരുമാനിച്ചതായി അറിയിച്ചിരുന്നു. എന്നാൽ ഇവയെല്ലാം സർക്കാർ സാധാരണ ചെയ്യുന്നതാണെന്നായിരുന്നു ഉദ്യോഗാർത്ഥികളുടെ വാദം.