siddique-kappan

ന്യൂഡൽഹി: രാജ്യദ്രോഹ കേസിൽ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അസുഖബാധിതയായ അമ്മയെ കാണാനാണ് അഞ്ച് ദിവസത്തെ ജാമ്യം. ഉപാധികളോടെ കാപ്പന് കേരളത്തിലെത്താം. അഞ്ചാം ദിനം ജയിലിൽ തിരിച്ചെത്തണമെന്നാണ് കോടതി ഉത്തരവ്.

കേരളത്തിൽ പോയി അമ്മയെ കാണുക മാത്രമായിരിക്കണം ഉദ്ദേശമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.മാദ്ധ്യമങ്ങളേയും പൊതുജനങ്ങളേയും കാണരുതെന്ന കർശന നിർദ്ദേശം കാപ്പനുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം പ്രതികരിക്കരുത്. ബന്ധുക്കളേയും അമ്മയുടെ ഡോക്‌ടർമാരേയും ഒഴികെ മറ്റാരെയും കാണരുതെന്നാണ് കോടതി ഉത്തരവ്.

ഉത്തർപ്രദേശ് പൊലീസിന്റെ അകമ്പടിയോടെയാകും സിദ്ദിഖ് കാപ്പന് കേരളത്തിലേക്ക് പോകാൻ സാധിക്കുക. സംസ്ഥാനത്തെത്തിയ ശേഷം കേരള പൊലീസും ആവശ്യമായ സുരക്ഷ സൗകര്യങ്ങൾ ഒരുക്കുകയും ഉത്തർപ്രദേശ് പൊലീസിനെ സഹായിക്കുകയും വേണം. അതേസമയം,ജാമ്യം നൽകുന്നതിനെ യു പി പൊലീസ് കർശനമായി കോടതിയിൽ എതിർത്തു. ഒരു കാരണവശാലും ജാമ്യം നൽകരുതെന്നായിരുന്നു പൊലീസിന്റെ വാദം.

സിദ്ദിഖ് കാപ്പൻ തടവു പുളളിയാണെന്ന് ഉത്തർപ്രദേശ് പൊലീസിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ മാനുഷിക പരിഗണന ഇക്കാര്യത്തിൽ വേണമെന്നും അക്കാര്യം കണക്കിലെടുത്താണ് സിദ്ദിഖ് കാപ്പന് ജാമ്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കി.