
മനുഷ്യർക്ക് പകരക്കാരായി റോബോട്ടുകൾ പണിയെടുക്കുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ, കൊവിഡ് കാലത്ത് റോബോട്ടുകളെ ഉപയോഗിച്ച് സാമൂഹിക അകലം പാലിച്ച് ബിസിനസ് നടത്തുന്നതിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ദുബായിലെ ഒരു കഫേ. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിലലെ റോബോ കഫേയാണ് ഇപ്പോൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഈ കഫേയിൽ സഞ്ചാരികളെ സ്വീകരിക്കുന്നത് റോബോട്ടുകളാണ്. ഈ കഫേയിലെത്തിയാൽ യന്തിരൻ സിനിമയെ ഓർമ്മിപ്പിക്കുന്ന നിരവധി കാഴ്ചകൾ കാണാൻ കഴിയും.
2020 ജൂണിൽ ആരംഭിച്ച റോബോ കഫേ സന്ദർശകർക്ക് മുന്നിൽ തുറക്കുന്നത് അനന്തമായ സാദ്ധ്യതകളാണ്.
ഈ കഫറ്റേരിയയിൽ മനുഷ്യ മുഖം കാണാൻ പ്രയാസമാണ്. ഇവിടെ വെയിറ്റർമാരോ പാചകക്കാരോ ഇല്ല, എല്ലാ ജോലിയും ചെയ്യുന്നത് ജർമ്മൻ നിർമ്മിത റോബോട്ടുകളാണ്. ഭക്ഷണം പാകം ചെയ്യുന്നതു മുതൽ, മേശയിൽ ഭക്ഷണം വിളമ്പുന്നത് വരെയുള്ള ജോലികൾ യന്ത്രസഹായത്തോടെയാണ് ചെയ്യുന്നത്.
പൊതുവെ റോബോട്ട് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് സിനിമകളിൽ കാണും പോലുള്ള മനുഷ്യരുടെ രൂപസാദൃശ്യമുള്ള യന്ത്രമനുഷ്യരെയാണ്. എന്നാൽ ഇവിടുത്തെ റോബോട്ട് വളരെ വ്യത്യസ്തമാണ്. മൂന്നു റോബോട്ട് കൈകളാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഈ കഫേയിലെത്തുന്ന ഉപഭോക്താക്കൾ അവരുടെ മേശപ്പുറത്ത് വച്ചിട്ടുള്ള സ്മാർട്ട് സ്‌ക്രീനിൽ ഓർഡർ നൽകണം. അവ തരംതിരിച്ച് റോബോട്ടുകൾ അൽപ്പസമയത്തിനുള്ളിൽത്തന്നെ ഭക്ഷണം എത്തിക്കും.
ഇവിടത്തെ മെനുവിലുള്ളത് കോഫികൾ, ഹോട്ട് ചോക്ലേറ്റ്, റാപ്പുകൾ, പേസ്ട്രികൾ തുടങ്ങിയവയാണ്.
കൊവിഡ് കാലത്ത് സാങ്കേതിക വിദ്യയുടെ ഇത്തരത്തിലുള്ള ഉപയോഗം സുരക്ഷിതത്വം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് സന്ദർശകരുടെ അഭിപ്രായം. ആളുകളുടെ എണ്ണം കുറയ്ക്കാനും അതുവഴി മികച്ച രീതിയിൽ ശാരീരിക അകലം പാലിക്കാനുമെല്ലാം ഈ യന്ത്രമനുഷ്യൻ വഴി സാധിക്കും.
ദക്ഷിണകൊറിയയിലും മനുഷ്യർക്ക് പകരം ഇങ്ങനെ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്.
സിയോളിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം എത്തിക്കാനായി ട്രോളിയുടെ മാതൃകയിൽ നിർമ്മിച്ച 'കബെ' എന്ന് പേരുള്ള റോബോട്ടിനെയാണ് ഉപയോഗിക്കുന്നത്. ദക്ഷിണ കൊറിയൻ ടെലികോം കമ്പനിയായ കെ.ടി കോർപ്പാണ് അഗ്ലിയോ കിം എന്ന ഈ റോബോട്ട് വികസിപ്പിച്ചെടുത്തത്. മനുഷ്യർ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും കൊവിഡ് കാലത്താണിത് തുടങ്ങിയത്. 1.25 മീറ്റർ ഉയരമുള്ള ഈ റോബോട്ടിൽ 30 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ഫുഡ് ട്രേകളുണ്ട്. കൊറിയൻ, ഇംഗ്ലീഷ് ഭാഷകളിൽ ആശയവിനിമയം നടത്താനാവുന്ന ഒരു എൽ.സി.ഡി സ്‌ക്രീനും സ്പീക്കറും ഇതോടൊപ്പം ഘടിപ്പിച്ചിട്ടുണ്ട്. ഒരേസമയം നാല് ടേബിളുകളിൽ വരെ ഭക്ഷണം എത്തിക്കാൻ ഈ റോബോട്ടിനു കഴിയും.