
മരണത്തെ ആനന്ദത്തോടെ സ്വീകരിക്കാൻ അറിയുന്നവരാണ് ആഫ്രിക്കക്കാർ. അതെങ്ങനെ എന്നല്ലേ? ആഫ്രിക്കയിലെ ഘാനയിൽ മരണശേഷം ശരീരം സംസ്‌കരിക്കാൻ തയ്യാറാക്കുന്നത് പല രൂപങ്ങളിലുള്ള ശവപ്പെട്ടികളാണ്. ചിത്രപ്പണികളോടു കൂടിയുള്ള ശവപ്പെട്ടികൾ പലപ്പോഴും മരണമടഞ്ഞയാളുടെ ഇഷ്ടങ്ങൾക്കനുസരിച്ചായിരിക്കും.കെനെ കെവി കാർപെന്റർഷോപ്പ് ഉടമ ജോസഫ് അഷെതൊയുടെ പെട്ടികൾ ലോക പ്രസിദ്ധമാണ്. സിംഹം, ആന,പുലി,ക്രിക്കറ്റ്ബാറ്റ്,ഫ്ളൈറ്റ്,നോക്കിയ ഫോൺ,നിക്കോൺ കാമറ,കൊക്കക്കോള,കൈതച്ചക്ക തുടങ്ങി വിവിധ രൂപത്തിലും നിറങ്ങളിലുമുള്ള പെട്ടികളാണ് ഇവിടെ ഒരുക്കുക.
ദിവസങ്ങളോളം കഷ്ടപ്പെട്ടാണ് ഓരോ പെട്ടികളും തയ്യാറാക്കുന്നത്. മരിച്ചു പോയ ആളോട് ഏറ്റവും ആദരവ് കാണിക്കണമെന്നും അവർ അർഹിക്കുന്ന രീതിയിലുള്ള ശവമടക്ക് നടത്തണമെന്നും ഉള്ളത് കൊണ്ടാണ് ഇത്ര വ്യത്യസ്തമായ ശവപ്പെട്ടികളുണ്ടാക്കുന്നത്. ഇവ പരമ്പരാഗതമായി ഉണ്ടാക്കി വരുന്നതാണ്.
മരിച്ചുപോയവരുടെ ജോലി, സാമൂഹികാവസ്ഥ ഇവയെല്ലാം നോക്കിയാണ് ശവപ്പെട്ടികൾ തയ്യാറാക്കുക. ലോകത്തിലെ ഏറ്റവും അധികം കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഘാന. അതുകൊണ്ട് തന്നെ ഉൾഗ്രാമങ്ങളിലെ മനുഷ്യർ ജീവിതകാലം മുഴുവൻ ജോലി ചെയ്ത് സമ്പാദിക്കുന്ന പണം കൊക്കോയുടെ ആകൃതിയിലുള്ള ശവപ്പെട്ടി നിർമ്മിക്കാനായി നൽകാറുണ്ട്. അമ്പതിനായിരത്തിന് മുകളിലാണ് ഇത്തരം ശവപ്പെട്ടികൾക്ക് വില. കർഷകരെ സംബന്ധിച്ച് ഈ തുക വളരെ വളരെ വലുതാണ്.
മിക്കപ്പോഴും ഒരാൾ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ടതോ, സ്വഭാവവുമായി ബന്ധപ്പെട്ടതോ, സോഷ്യൽ സ്റ്റാറ്റസുമായി ബന്ധപ്പെട്ടതോ ആയ ശവപ്പെട്ടിയായിരിക്കും ഉണ്ടാക്കുകയെന്ന് അമ്പത് വർഷങ്ങളായി ഇതിന്റെ ബിസിനസ് നടത്തുന്നയാൾ പറയുന്നു. ഉദാഹരണത്തിന് നല്ല ചുവന്ന നിറത്തിലുള്ള മുളകിന്റെ ആകൃതിയിലാണ് പെട്ടിയെങ്കിൽ മരിച്ച ആൾ ഹോട്ടും ഒരൽപം ധിക്കാരിയും ഒക്കെ ആയിരിക്കും.
മെഴ്സിഡസ് ബെൻസിന്റെ രൂപത്തിലാണ് ശവപ്പെട്ടിയെങ്കിൽ മരിച്ചയാൾ പണക്കാരനായിരിക്കും.ഓരോ ഡിസൈനിനു പിറകിലും ഒരു കഥയുണ്ടാകും. വിമാനത്തിന്റെ ആകൃതിയിലാണ് ശവപ്പെട്ടിയെങ്കിൽ അത് കുഞ്ഞുങ്ങൾക്കുള്ളതായിരിക്കും. മരണശേഷവും സുഖമായി യാത്ര ചെയ്യാനാകട്ടെ എന്നതാണത്രേ അർത്ഥം.