whatsapp

ന്യൂഡൽഹി: സ്വകാര്യത പരമപ്രധാനമെന്ന് സുപ്രീംകോടതി. പുതിയ സ്വകാര്യത നയം ചോദ്യം ചെയ്‌തു കൊണ്ടുളള ഹർജിയിൽ സുപ്രീംകോടതി വാട്‌സാപ്പിനും കേന്ദ്രസർക്കാരിനും നോട്ടീസ് അയച്ചു. നാല് ആഴ്‌ചക്കുളളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ജനങ്ങൾക്ക് സ്വകാര്യത നഷ്‌ടപ്പെടുമോയെന്ന ആശങ്കയുണ്ട്. അവരെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ പറഞ്ഞു.

ആയിരം കോടി മൂലധനമുളള കമ്പനിയെക്കാൾ ജനങ്ങൾ തങ്ങളുടെ സ്വകാര്യതയ്‌ക്കാണ് വില കൽപ്പിക്കുന്നത്. നിങ്ങളുടെ പണത്തെക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. യൂറോപ്പിലെ ജനതയ്‌ക്ക് കിട്ടുന്ന സ്വകാര്യത വാട്‌സാപ്പിൽ നിന്ന് ഇന്ത്യൻ ജനതയ്‌ക്ക് ലഭിക്കുന്നില്ല എന്ന് ഹർജിയിൽ പറയുന്നു. സ്വകാര്യതയെ കുറിച്ച് യൂറോപ്പിന് പ്രത്യേക നിയമമുണ്ടെന്നും ഇന്ത്യയ്‌ക്ക് സമാനമായ ചട്ടം ഉണ്ടെങ്കിൽ അത് പിന്തുടരുമെന്നും വാട്സാപ്പ് സുപ്രീംകോടതിയെ അറിയിച്ചു.

ഒരു സന്ദേശം അയച്ചാൽ അതിന്റെ ഉളളടക്കം മറ്റുളളവരിലേക്ക് എത്തുമെന്ന് ജനം ഭയക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ ഈ ഭയം യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയുളളതല്ലെന്ന് ഫേസ്ബുക്കും വാട്‌സാപ്പും തങ്ങളുടെ അഭിഭാഷകരായ കപിൽ സിബലും അരവിന്ദ് ദത്താറും മുഖേന കോടതിയെ അറിയിച്ചു.

ജനുവരിയിൽ വാട്‌സാപ്പ് അവരുടെ സ്വകാര്യത-സേവന നയങ്ങൾ പരിഷ്‌കരിച്ചിരുന്നു. ഈ പരിഷ്‌കാരങ്ങൾ ഫെബ്രുവരി എട്ടിന് നിലവിൽ വരികയും ചെയ്തു. ഇതു പ്രകാരം, ഫേസ്‌ബുക്ക് ഉൾപ്പടെയുളളവയുമായി വിവരങ്ങൾ പങ്കുവയ്‌ക്കുകയെന്ന നിബന്ധന വാട്‌സാപ്പ് ഉപയോക്താക്കൾ അംഗീകരിക്കേണ്ടതുണ്ട്. താത്പര്യമുളളവർ അംഗീകരിച്ചാൽ മതിയെന്ന തരത്തിലുളള നിബന്ധന അല്ലാത്തതിനാൽ, ഇത് ഉപയോക്താക്കൾക്കിടയിൽ ആശങ്കയ്‌ക്ക് വഴിവച്ചിട്ടുണ്ട്.