
അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റാവുക. ചെയ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് ഓടിക്കയറുക. അതാണ് മാത്യു തോമസ്. 2019ൽ ഇറങ്ങിയ മികച്ച ചിത്രം കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമ യാത്ര തുടങ്ങിയ മാത്യു തോമസ് നായകനായ രണ്ടാമത്തെ ചിത്രം തണ്ണീർമത്തൻ ദിനങ്ങൾ അതേ വർഷത്തെ ജനപ്രിയ ചിത്രമായി മാറി. മാത്യു ഭാഗ്യ താരകമെന്ന് സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം പറയുന്നു. കഴിഞ്ഞ വർഷം വന്ന സൂപ്പർഹിറ്റ് ചിത്രം അഞ്ചാം പാതിരയിൽ കുഞ്ഞു ബെഞ്ചമിൻ ലൂയിസിന്റെ മുഖവും മാത്യു തോമസായിരുന്നു. ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായി അഞ്ചാം പാതിരയും അടയാളപ്പെടുത്തി. ഇപ്പോൾ തിയേറ്ററുകളിൽ സൂപ്പർഹിറ്റായി തുടരുന്നു തരുൺ മൂർത്തി ചിത്രം ഓപ്പറേഷൻ ജാവയിൽ  മാത്യു തോമസ് ചെറിയ വേഷത്തിൽ എത്തിയിട്ടുണ്ട്. മാത്യു അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റായി മാറുന്നു. മാത്യു ഇപ്പോൾ പ്രകാശൻ പറക്കട്ടെയെന്ന ചിത്രത്തിൽ അഭിനയിച്ചു വരുകയാണ്. മമ്മൂട്ടിയോടപ്പമുള്ള വണ്ണാണ് ഇനി മാത്യുവിന്റേതായി തിയേറ്ററിൽ എത്തുന്ന ചിത്രം.

''പത്താം ക്ലാസിൽ പഠിക്കുമ്പോൾ കൊച്ചിയിലെ മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിൽ കുമ്പളങ്ങിയുടെ സംഘം ഓഡിഷൻ നടത്താനെത്തിയത്. എല്ലാവരും പോവുന്നു. എന്നാൽ വെറുതെ ഒന്ന് പോയേക്കാമെന്ന് തോന്നി . അഭിനയത്തിൽ മുൻ പരിചയമില്ല. കുടുംബത്തിൽ ആരും സിനിമയിലില്ല. ആദ്യം നടത്തിയ ലുക്ക് ടെസ്റ്റിൽ സെലക്ട് ചെയ്തു.എന്നിട്ടും അതത്രെ ഗൗരവത്തിലൊന്നും എടുത്തില്ല. പിന്നെയും രണ്ടു ഓഡിഷനുകൾ ഉണ്ടായി. അതിലും സെലക്ടായി. പേടിയോ ടെൻഷനോ ഒന്നും തോന്നിയില്ല.ചിത്രീകരണത്തിന് മുൻപ് ആറുമാസത്തോളം കുമ്പളങ്ങി ടീമിനൊപ്പം കൂടി. അങ്ങനെയാണ് കുമ്പളങ്ങി നൈറ്റ്സിന്റെ ഭാഗമാവുന്നത് .കുമ്പളങ്ങി റിലീസായത്തിന് ശേഷമാണ് തണ്ണീർ മത്തൻ ദിനങ്ങൾക്ക് വേണ്ടി നിർമാതാവും സംവിധായകനും ക്ഷണിക്കുന്നത്. കുമ്പളങ്ങിയിൽ നിന്ന് വ്യത്യസ്തമായൊരു സിനിമ അനുഭവമായിരുന്നു തണ്ണീർമത്തന്റെത്. ഒരേ പ്രായത്തിലുള്ള ഞങ്ങൾ ഒരുപാടുപേർ.എല്ലാവരും കൂടിയുള്ള ഒരു വെക്കേഷൻ പോലെയായിരുന്നു തണ്ണീർ മത്തന്റെ ലൊക്കേഷൻ. ഗിരീഷേട്ടൻ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരും ഞാൻ അതുപോലെ ചെയ്യും. വിനീത് ഏട്ടനും(വിനീത് ശ്രീനിവാസൻ ) ഒരുപാട് സഹായിച്ചു.""മാത്യു പറഞ്ഞു.
''തിരക്കഥകളാണ് കൂടുതലുംനോക്കാറുള്ളത്. ഓരോ തിരക്കഥ വായിക്കുമ്പോഴും അതിലെ എന്റെ കഥാപാത്രങ്ങളെയല്ല നോക്കാറുള്ളത്. ആ തിരക്കഥ സിനിമയാക്കുമ്പോൾ എത്ര നല്ല സിനിമയായിരിക്കുമെന്നതാണ്.

നല്ല സിനിമകളുടെ ഭാഗമാവാൻ മാത്രമാണ് ആഗ്രഹിച്ചിട്ടുള്ളത്. അതിലെ എന്റെ കഥാപാത്രം ചെറുതാണോ വലുതാണോ എന്നൊന്നും നോക്കാറില്ല. ഇംഗ്ലീഷാണ് ഡിഗ്രിക്ക് എടുത്തിരിക്കുന്നത്. പഠനവും സിനിമയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം."" മാത്യു പറയുന്നു.