injection

ന്യൂഡൽഹി: ബുദ്ധികൂടാനുള്ള ഒറ്റമൂലി എന്നുപറഞ്ഞ് വിദ്യാർത്ഥികൾക്ക് ഉപ്പുവെള്ളം കുത്തിവച്ച ട്യൂഷൻ ടീച്ചറെ പൊലീസ് അറസ്റ്റുചെയ്തു. കിഴക്കൻ ഡൽഹി സ്വദേശിയും ബിരുദ വിദ്യാർത്ഥിയുമായ സന്ദീപ് എന്ന ഇരുപതുകാ‌രനാണ് പിടിയിലായത്. ഒരു രക്ഷിതാവ് നൽകിയ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.

തന്റെ വീടിന് സമീപത്ത് താമസിക്കുന്ന ആറാം ക്ളാസ് മുതൽ ഒൻപതാം ക്ളാസ് വരെയുള്ള കുട്ടികൾക്ക് സന്ദീപ് ട്യൂഷനെടുത്തിരുന്നു. ഇതിൽ ചില വിദ്യാർത്ഥികളെയാണ് പരീക്ഷണത്തിന് വിധേയരാക്കിയത്. യുട്യൂബിൽ കണ്ട ഒരു വീഡിയോ വിശ്വസിച്ചായിരുന്നു കുത്തിവയ്പ്പ് നടത്തിയത്. വെറും ഉപ്പുവെള്ളം കുത്തിവയ്ക്കുന്നത് ബുദ്ധികൂടാൻ നല്ലതാണെന്ന് വീഡിയോയിൽ പറഞ്ഞിരുന്നത്രേ. സിറിഞ്ചും സൂചിയും വാങ്ങിയ സന്ദീപ് ഉപ്പുവെള്ളം കുത്തിവയ്ക്കാൻ തുടങ്ങി. ബുദ്ധികൂടുമെന്ന് ഉറപ്പുനൽകിയതിനാൽ വിദ്യാർത്ഥികൾ ഇതിനെ എതിർത്തതുമില്ല.

എന്നാൽ, ഒരു വിദ്യാർത്ഥി കുത്തിവയ്പ്പിനെക്കുറിച്ച് വീട്ടിൽ പറഞ്ഞു. ഈ കുട്ടിയുടെ രക്ഷിതാവാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ദീപ് പിടിയിലായത്. ചോദ്യംചെയ്യലിൽ ഇയാൾ എല്ലാം സമ്മതിച്ചു. ട്യൂഷൻ സെന്ററിൽ നടത്തിയ പരിശോധനയിൽ സിറിഞ്ചും സൂചിയും പിടിച്ചെടുത്തു. കുത്തിവയ്പ്പിന് വിദ്യാർത്ഥികളിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നോ എന്ന് വ്യക്തമല്ല. വിദ്യാർത്ഥികളിൽ ആർക്കും ആരോഗ്യപ്രശ്നങ്ങളിലെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണമാരംഭിച്ചു.