
ന്യൂഡൽഹി: ടൂൾകിറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഡൽഹി പൊലീസുമായി അടുത്ത വൃത്തങ്ങൾ. ഖാലിസ്ഥാൻ അനുകൂലിയും പൊയറ്റിക് ജസ്‌റ്റിസ് ഫൗണ്ടേഷൻ സ്ഥാപകനുമായ സിഖ് വംശജനായ കനേഡിയൻ പൗരൻ മൊ ധലിവാൽ തങ്ങൾ അറസ്‌റ്റ് ചെയ്‌ത ദിഷയ്‌ക്കും വാറണ്ട് പുറപ്പെടുവിച്ച ആക്‌ടിവിസ്‌റ്റ് നികിത ജേക്കബ്, ശന്തനു എന്നിവർക്കുമൊപ്പം സൂം മീറ്റ് നടത്തിയെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. റിപബ്ളിക് ദിനത്തിൽ ട്വിറ്ററിൽ പ്രക്ഷോഭം അഴിച്ചുവിടാൻ ഇവർ യോഗത്തിൽ തീരുമാനിച്ചു.
നികിത ജേക്കബുമായി ധലിവാൽ സമ്പർക്കം സ്ഥാപിച്ചത് മറ്റൊരു കനേഡിയൻ പൗരനായ പുനീതിലൂടെയാണ്. ടൂൾകിറ്റ് വിവാദത്തിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് ഇതിനു പിന്നിലെ ഗൂഢാലോചനകൾ ചുരുളഴിഞ്ഞതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. നാല് ദിവസം മുൻപ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ടീം നികിത ജേക്കബിന്റെ വീട്ടിലെത്തി ഇവർ ഉപയോഗിക്കുന്ന ലാപ്‌ടോപും മറ്റ് ഉപകരണങ്ങളും പരിശോധിച്ചു. വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചെങ്കിലും നികിത സ്ഥലത്തില്ലെന്ന മറുപടിയാണ് പൊലീസിന് ലഭിച്ചത്. തുടർന്നാണ് ഇന്ന് ജാമ്യമില്ലാ വാറണ്ട് നികിതയ്‌ക്കെതിരെ പ്രഖ്യാപിച്ചത്. മറ്റൊരു ആക്‌ടിവിസ്‌റ്റായ ശന്തനുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ടൂൾകിറ്റ് സ്ഥാപിച്ചതിനും പ്രചരിപ്പിച്ചതിനും ബംഗളുരു സ്വദേശിനിയായ ദിഷ രവിയെ ഇന്നലെയാണ് ബംഗളുരുവിൽ അറസ്‌റ്റ് ചെയ്‌തത്. ഗ്രേറ്റ തുൻബർഗ് ഷെയർചെയ്‌ത ഖാലിസ്ഥാൻ അനുകൂല ടൂൾകിറ്റിന്റെ എഡിറ്ററും പ്രധാന ഗൂഢാലോചന നടത്തിയയാളുമാണ് ദിഷയെന്നാണ് ഡൽഹി പൊലീസ് വാദം. ഇതിനായി ഒരു വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും ശേഷം ടൂൾകിറ്റ് നിർമ്മിക്കാൻ പ്രവർത്തിക്കുകയും ചെയ്‌തു. സംഭവം വിവാദമായപ്പോൾ ടൂൾകിറ്റ് പിൻവലിക്കാൻ ഗ്രേറ്റയോട് പറഞ്ഞതും ദിഷയാണെന്ന് പൊലീസ് പറഞ്ഞു.
ഡൽഹി കോടതിയിലെത്തിച്ച ദിഷയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയിൽ വിട്ടിരുന്നു. കോടതിയിൽ പൊട്ടിക്കരഞ്ഞ ദിഷ ആകെ രണ്ട് വരികൾ എഡിറ്റ് ചെയ്യുക മാത്രമാണ് താൻ ചെയ്‌തതെന്ന് പറഞ്ഞു. ടൂൾകിറ്റിൽ പറയുന്ന രണ്ട് മെയിൽ ഐഡികളെ കുറിച്ചും ഒരു യുആർഎല്ലിനെ പറ്റിയും ഒരു ഇൻസ്‌റ്റഗ്രാം അക്കൗണ്ടിനെ കുറിച്ചും വിവരം നൽകാൻ ഗൂഗിളിനോട് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.