k-surendran

തിരുവനന്തപുരം: എല്ലാ ക്രൈസ്തവ സഭകൾക്കും ലൗ ജിഹാദിൽ ആശങ്കയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലൗ ജിഹാദ് വിഷയത്തിൽ എല്ലാവരും ബിജെപി വർഗീയത പറയുന്നു എന്നാരോപിക്കുന്നു. എന്നാൽ ക്രൈസ്തവ സഭയും ആശങ്കയോടെയാണ് പ്രതികരിക്കുന്നത്. ക്രിസ്‌ത്യാനികൾ ഇത്തരമൊരു ആരോപണം ദുരുദ്ദേശത്തോട് കൂടി ഉന്നയിക്കുന്നു എന്ന് എങ്ങനെ പറയാൻ കഴിയുമെന്നും കെ സുരേന്ദ്രൻ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചു.

ലൗ ജിഹാദ് വിഷയത്തിൽ സർക്കാർ എന്തൊക്കെയൊ ഒളിച്ചു വയ്ക്കുന്നുണ്ടെന്നും ആരുടെയോ സമ്മർദ്ദം സർക്കാരിന് മേലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. നമ്മുടെ എല്ലാ രജിസ്റ്റർ ഓഫീസുകളിലും ഒരു ആറ് മാസം മുമ്പ് വരെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നവരുടെ വിവരങ്ങൾ എഴുതി വയ്ക്കാറുണ്ട്. അച്ഛന്റെയും അമ്മയുടേയും വിവരങ്ങൾ അടക്കം. എന്തിനാണ് പിണറായി വിജയൻ സർക്കാർ ആ നിബന്ധന ഒഴിവാക്കിയത്. ആ ചോദ്യത്തിന് മാത്രം ഉത്തരം പറയു. അത് കോടതി വിധി ഒന്നുമല്ല. ഇവരെല്ലാം ചെയ്യുന്നത് ഇതുപോലെയാണ്. അപ്പോൾ അതിന് അർത്ഥം സർക്കാരിന് എന്തോ ഒളിച്ച് വയ്ക്കാനുണ്ട് എന്നതാണ്. ആരുടെയോ സമ്മർദ്ദം അവർക്കുമേലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

ആരുടേയാണ് സമ്മർദ്ദം. നേരിട്ടുള്ള മത സംഘടനകളുടെ സമ്മർദ്ദം ആകാൻ സാധ്യതയില്ല. ഇതിനൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തികൾ പലതാണ്. എന്തുകൊണ്ടാണ് വിവാഹം കഴിക്കാനെന്ന വ്യാജേന മതം മാറി ചാക്കുടുത്ത് നടക്കുന്നവരുണ്ട്. പെൺകുട്ടികൾ ഒക്കെ അവിടെപ്പോയി മതം മാറിയിട്ട് ചാക്കുമുടുത്ത് നടക്കുകയാണ്. പതിനേഴാം നൂറ്റാണ്ടിനെ എന്തിനാണ് വിഷ്വലൈസ് ചെയ്യണമെന്ന് പറയുന്നത്. എന്തിനാണ് അവർ സിറിയയിലേക്ക് പോകുന്നത്. ചോദ്യത്തിന് ആരെങ്കിലും ഉത്തരം പറയണമല്ലോഎന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയെ കാണാൻ എല്ലാ സഭകളും പോയി. എല്ലാവർക്കും ആശങ്ക ഉണ്ട്. അഞ്ച് മണി ആകുന്നതോടെ അമ്മമാരുടെ നെഞ്ച് നീറുകയാണ്. ഒരു മതത്തിലെ മാത്രമല്ല. ഇതിൽ വലിയ തോതിലുള്ള റാക്കറ്റ് പ്രവർത്തിക്കുന്നു. ആ റാക്കറ്റ് കുട്ടികളെ കണ്ടുപിടിച്ച് നോട്ടമിട്ട് കുരുക്കിലാക്കുന്നു. പ്രണയിച്ച് കല്യാണം കഴിക്കുന്നതിൽ ഇവിടെ ആർക്കും പരാതിയില്ല. പരസ്പരം മിശ്രവിവാഹം നടക്കുന്നുണ്ട് ഇവിടെ. കല്യാണം കഴിക്കാൻ എന്തിനാണ് അവിടെ കൊണ്ടുപോകുന്നത്. സിറിയിയിലേക്ക് എന്തിനാണ് കൊണ്ടു പോകുന്നത്. ഈ ചോദ്യത്തിന് ആര് ഉത്തരം പറയുമെന്നും സുരേന്ദ്രൻ ചോദിച്ചു.

ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് കേസുകൾ ഉണ്ട്. കെസിബിസി പറയുന്നത് എന്തുകൊണ്ടാണ്. ഞങ്ങൾ ആർ എസ് എസുകാരും ബിജെപിക്കാരും പറഞ്ഞാൽ ശരി, ഇതിപ്പോൾ ക്രൈസ്തവ സഭയും ആശങ്കയോടെയാണ് പറയുന്നത്. എത്ര അമ്മമാർ ചാനലുകളിൽ പരസ്യമായി വന്ന് പറഞ്ഞു. ഈ വൈരുദ്ധ്യാത്മക ഭൗതികവാദം പോലും ഇപ്പോഴാണല്ലോ ഗോവിന്ദൻ മാഷിന് പോലും ഉട്ടോപ്യൻ ആണെന്ന് മനസിലായത്. ഞങ്ങൾ ആദ്യം പറയുന്ന കാര്യങ്ങൾ ആദ്യം അംഗീകരിച്ച് തരാറില്ല. ബിജെപി പറയുമ്പോൾ അതിൽ എന്തെങ്കിലും ഒരു വർഗീയത ഉണ്ടെന്ന് പ്രചരിപ്പിക്കും. ഞാൻ പറയട്ടെ ക്രൈസ്തവ സഭ പറയുന്നത് അവരുടെ വസ്തുത ആണല്ലോ. ക്രിസ്ത്യാനികൾ ഇത്തരമൊരു ആരോപണം ദുരദ്ദേശത്തോട് കൂടി ഉന്നയിക്കുന്നു എന്ന് എങ്ങനെ പറയാൻ കഴിയുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

കേരളത്തിൽ ലൗ ജിഹാദില്ലെന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ തന്നെ പറയുന്നതിനിടയിലാണ് ലൗ ജിഹാദ് ഉണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിൽ നടക്കുന്ന ലവ് ജിഹാദുമായി ബന്ധപ്പെട്ട എത്ര കേസുകൾ കേന്ദ്രത്തിനു മുന്നിൽ എത്തിയിട്ടുണ്ടെന്ന് സഭയിൽ ബെന്നി ബെഹ്നാൻ ഉന്നയിച്ച ചോദ്യത്തിന് ലവ് ജിഹാദ് എന്ന പദം ഇപ്പോൾ നിർവചിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുൻപ് മറുപടിനൽകിയിരുന്നു. അങ്ങനെ ഒരു വാക്ക് നിലവിലില്ല. അതുകൊണ്ട് തന്നെ ലവ് ജിഹാദ് നിലവിലുണ്ടോ എന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകാൻ രേഖാ മൂലം സാധിക്കില്ലെന്നും അമിത് ഷാ വിശദീകരിച്ചിരുന്നു. കഴിഞ്ഞ എൻഡിഎ സർക്കാരിന്റെ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും ഇതേ കാര്യം പറഞ്ഞിരുന്നു.