
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ കാരുണ്യ ഡയാലിസിസ് യൂണിറ്റിൽ ഇല്ലാത്ത തസ്തികയിൽ അർഹതയില്ലാത്ത അഞ്ച് പേരെ ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരായി നിയമിക്കാൻ ആശുപത്രി വികസന സമിതിയുടെ തിരക്കിട്ട ശ്രമം. നിലവിൽ കാരുണ്യ ഡയാലിസിസ് യൂണിറ്റിൽ ആറ് ടെക്നിഷ്യന്മാരും ഒമ്പത് സ്റ്റാഫ് നഴ്സുമാരും രണ്ട് അറ്റൻഡർമാരും അടക്കം 22 പേരാണുള്ളത്. ഒരാൾ അടുത്തിടെ ജോലി ഉപേക്ഷിച്ച് പോയി. ഇവർക്കെപ്പമാണ് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ ജോലി ചെയ്യുന്ന അഞ്ച് പേരെ ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരായി നിയമിക്കാൻ അനധികൃത നീക്കം നടക്കുന്നത്.
കാരുണ്യ ഡയാലിസിസ് യൂണിറ്റിൽ ഡേറ്റാഎൻട്രി ഓപ്പറേറ്റർ തസ്തിക ഇല്ല. മെഡിക്കൽ കോളേജിലെ ഒ.പി ബ്ളോക്കിലും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്കിലുമാണ് നിലവിൽ ഈ തസ്തികയുള്ളത്. ഇവിടെയാകട്ടെ നിയമിച്ചിരിക്കുന്നത് കംപ്യൂട്ടർ പരിജ്ഞാനവും മതിയായ യോഗ്യതയും ഉള്ളവരെയാണ്. ഇപ്പോഴത്തെ മെഡിക്കൽ കോളേജിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥന്റെ വീട് പണി നടത്തുന്ന കോൺട്രാക്ടറുടെ ഭാര്യ, ആശുപത്രി സൊസൈറ്റി യൂണിയനിലെ പ്രമുഖ നേതാവിന്റെ ഭാര്യ, ഒരു മുൻ എം.എൽ.എയുടെ കാര്യസ്ഥന്റെ ഭാര്യ എന്നിവരാണ് അഞ്ച് പേരുടെ പട്ടികയിലെ പ്രധാനികൾ.
കാരുണ്യ ഡയലാലിസിസ് ടെക്നീഷ്യന്മാരായി 23 പേരെ നിയമിക്കാൻ മെഡിക്കൽ കോളേജ് സൊസൈറ്റിക്ക് അനുമതിയുണ്ട്. 18 പേരെ നിയമിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഒഴിവിലാണ് അനർഹരെ നിയമിക്കാനുള്ള നീക്കം. കഴിഞ്ഞ ഡിസംബറിൽ ചേർന്ന എച്ച്.ഡി.എസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് അനധികൃത നിയമനങ്ങൾക്ക് പച്ചക്കൊടി കാണിച്ചത്. ഈ സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ സ്വാധീനത്തിലൂടെയും മറ്റും കാരുണ്യയിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരായി നിയമിക്കപ്പെട്ടവരാണിവർ.
2009 മുതൽ ആർ.എസ്.ബി.വൈയിൽ ജോലി ചെയ്യുന്നവരാണ് 18 പേരും. ആർ.എസ്.ബി.വൈയെ സർക്കാർ ഏറ്റെടുത്തതോടെ ഇവർ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്‌പ്) കീഴിലായി. ഇവരുടെ സീനിയോറിട്ടി മറികടന്നാണ് ജോലിയിൽ മൂന്ന് വർഷം പോലും പൂർത്തിയാക്കാത്തവരെ ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരായി നിയമിക്കാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമം നടക്കുന്നത്.