
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) പൊതുമേഖലാ ബാങ്കുകളുമായി ചേർന്ന് ബ്രാൻഡ് ചെയ്‌ത, അഞ്ചുവർഷക്കാലാവധിയുള്ള റൂപേ പ്ളാറ്റിനം ഡെബിറ്റ് കാർഡുകൾ പുറത്തിറക്കും. ആദ്യമായാണ് ഒരു സർക്കാർ ധനകാര്യ സ്ഥാപനം ഡെബിറ്റ് കാർഡുകൾ പുറത്തിറക്കുന്നതെന്നും റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുമെന്നും കെ.എഫ്.സി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.
സാധാരണ എ.ടി.എം ഇടപാടുകൾ, ഓൺലൈൻ ഇടപാടുകൾ തുടങ്ങിയ ഇടപാടുകൾ ഈ കാർഡുമുഖേനയും നടത്താം. കെ.എഫ്.സിയുടെ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ച്, വലിയ തുകയുടെ ഇടപാടുകളും നടത്താം. കെ.എഫ്.സി സംരംഭകർക്കുള്ള വായ്‌പാ വിതരണവും തിരിച്ചടവും ഇനി ഈ കാർഡുവഴി ആയിരിക്കും. വായ്‌പാ വിനിയോഗം കൃത്യമായി നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും.
കറൻസി ഇടപാടുകൾ നിറുത്തലാക്കി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ സുപ്രധാന ചുവടുവയ്പ്പാണിതെന്നും അദ്ദേഹം പറഞ്ഞു. കെ.എഫ്.സി ജീവനക്കാർക്കും ഡെബിറ്റ് കാർഡ് നൽകും. ശമ്പളവും മറ്റ് അലവൻസുകളും ഈ രീതിയിലാണ് നൽകുക.