modi1

കറാച്ചി: ടൂൾകിറ്റ് കേസുമായി ബന്ധപ്പെട്ട് യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റുചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആർ എസ് എസിനെയും രൂക്ഷമായി വിമർശിച്ച് പാകിസ്ഥാനിലെ ഭരണകക്ഷി. പാക് പ്രധാനമന്ത്രി ഉമ്രാൻഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫാണ് വിമർശനവുമായി രംഗത്തെത്തിയത്. നരേന്ദ്രേമോദിയുടെയും ആർ എസിന്റെയും ഭരണത്തിൽ കീഴിലുളള ഇന്ത്യ തങ്ങൾക്കെതിരായ എല്ലാ ശബ്ദങ്ങളും നിശബ്ദമാക്കുകയാണ്. ഇപ്പോൾ ടൂൾകിറ്റ് കേസിൽ ദിഷ രവിയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്-തെഹ്‌രീക് ഇ ഇൻസാഫിന്റെ ട്വീറ്റിൽ പറയുന്നു. കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ വിഷയത്തിലുൾപ്പടെ നേരത്തേയും പാകിസ്ഥാനും തെഹ്‌രീക് ഇ ഇൻസാഫും മോദിക്കെതിരെ വിമർശനമുയർത്തിയിരുന്നെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

ഇന്നലെയാണ് ദിഷയെ ഡൽഹി പൊലീസ് അറസ്റ്റുചെയ്തത്. അറസ്റ്റിനെതിരെ ഇന്ത്യക്കുളളിലും പ്രതിഷേധം ശക്തമാവുകയാണ്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കപിൽ സിബൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങി നിരവധി പ്രമുഖർ കേന്ദ്രസർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. തോക്കേന്തി നടക്കുന്നവർ നിരായുധയായ ഒരു പെൺകുട്ടിയെ ഭയപ്പെടുന്നു. ആ പെൺകുട്ടി ധൈര്യത്തിന്റെ കിരണങ്ങൾ പടർത്തിയിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ നിശബ്ദമാവില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ദിഷയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്തകളുടെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റിൽ പങ്കുവച്ചിരുന്നു.