nikita-jacob

മുംബയ്: കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബ്, പരിസ്ഥിതി പ്രവർത്തകൻ ശന്തനു എന്നിവർക്കെതിരെ ഡൽഹി പൊലീസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. ടൂൾ കിറ്റ് നിർമ്മിച്ചത് നികിതയാണെന്നാണ് പൊലീസിന്റെ ഭാഷ്യം.

മുംബയ് കേന്ദ്രീകരിച്ചാണ് നികിത പ്രവർത്തിക്കുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്ന് രേഖകളിൽ ഒപ്പുവച്ച ശേഷം നികിതയെ കാണാനില്ലെന്നും ഇവർക്കായി തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി ടൂൾകിറ്റ് ഡോക്യുമെന്റ് തയാറാക്കാൻ മുൻകയ്യെടുത്തത് ദിശയും നികിതയും ചേർന്നാണെന്ന് പൊലീസിന്റെ ആരോപണം.ഇതു പിന്നീട് ഗ്രേറ്റയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു.

അതേസമയം, ഇടക്കാല ജാമ്യം തേടി നികിത മുംബയ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ന് കോടതി ഹർജി പരിഗണിക്കും.

ഫെബ്രുവരി 11 ന് പൊലീസ് സംഘം തന്റെ വീട്ടിൽ തെരച്ചിൽ നടത്തിയെന്ന് നിഖിത ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. 13 മണിക്കൂറോളം ചോദ്യം ചെയ്തു. മൊഴി രേഖപ്പെടുത്തി. ഹാർഡ് ഡിസ്‌കും പെൻഡ്രൈവുകളും പിടിച്ചെടുത്തു. 2ന് നികിത ജേക്കബ് അഡ്വ.സഞ്ജുക്ത ഡേ വഴി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.