chain-snatching-

തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ അതീവ സുരക്ഷാ മേഖലയെന്ന് അവകാശപ്പെടുന്ന സൈബർ സിറ്റിയ്ക്ക് സമീപം വീട് വാടകയ്‌ക്കെടുത്ത് മാലപൊട്ടിക്കൽ നടത്തിവന്ന അന്തർ സംസ്ഥാന കവർച്ചാ സംഘത്തിലെ നാലുപേരെ കോട്ടയം പൊലീസ് പിടികൂടി. കണിയാപുരം സ്വദേശികളായ ഷെഫീക്ക് (24), നിസാർ (23) എന്നിവരും കൂട്ടാളികളായ രണ്ടുപേരുമാണ് പാല ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.

കുളത്തൂർ ഗുരുനഗറിൽ കണിയാപുരം സ്വദേശിയുടെ വീട്ടിൽ കഴിഞ്ഞ ഒരുമാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന സംഘത്തെ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് പാലായിൽ നിന്ന് വനിതാ എസ്.ഐഉൾപ്പെടെ അഞ്ച് എസ്.ഐമാരുടെ നേതൃത്വത്തിലെത്തിയ സംഘം വീട് വളഞ്ഞ് പിടികൂടിയത്. കോട്ടയത്ത് വിവിധ ഭാഗങ്ങളിലായി നടന്ന മാലപൊട്ടിക്കൽ കേസുകളിൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ.

മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുളത്തൂരിൽ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞ പൊലീസ് രണ്ട് ദിവസം മുമ്പ് ഇവിടെയെത്തി പ്രതികളിൽ രണ്ടുപേരുടെ ഫോട്ടോ നാട്ടുകാരുടെ സഹായത്തോടെ തിരിച്ചറിശേഷം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. പുലർച്ചെ പൊലീസ് വീട് വളപ്പോൾ വടിവാൾ, വാക്കത്തി എന്നിവയുമായി പൊലീസിനെ നേരിടാനൊരുങ്ങിയ സംഘത്തെ സാഹസികമായാണ് പിടികൂടിയത്. പെപ്പർ സ്‌പ്രേയും കവർച്ച ചെയ്ത നൂറു പവനിലേറെ സ്വർണാഭരണങ്ങളും ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി. മോഷ്ടിച്ചതെന്ന് കരുതുന്ന ഒരു കാറും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്.

പിടിയിലായ സംഘത്തെ പൊലീസ് കോട്ടയത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരം മുതൽ തൃശൂർ വരെ മാസങ്ങളായി മാലപൊട്ടിക്കൽ നടത്തിവന്ന സംഘങ്ങളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.