
കൊച്ചി : വീട്ടിലെ കിടപ്പുമുറിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറുന്നു . മരട് മുസ്ളീംപള്ളിക്ക് സമീപം മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റയും ജെസിയുടെയും ഇളയ മകൾ നെഹിസ്യ (17)യെയാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞാൻ പോകുന്നു' രണ്ടു വാക്കുകളിൽ ആത്മഹത്യാ കുറിപ്പ് മുറിയിൽ നിന്നും കണ്ടെത്തിയത് ആത്മഹത്യയാണെന്ന സൂചന നൽകുന്നുണ്ടെങ്കിലും മരിക്കാൻ പെൺകുട്ടി സ്വീകരിച്ച മാർഗമാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നത്.
വായിലും മൂക്കിലും പഞ്ഞിനിറച്ചശേഷം സെല്ലോ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവർ തലവഴി മൂടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കഴുത്തിൽ കയർ മുറുക്കി കെട്ടുകയും ചെയ്തിരുന്നു. രാവിലെ എഴുന്നേൽക്കാൻ വൈകിയതിനെത്തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഫൊറൻസിക് വിഭാഗത്തെ വിളിച്ചുവരുത്തി പരിശോധന നടത്തി. കുട്ടി ആത്മഹത്യചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ അച്ഛനും മൂത്ത സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്.
മരണത്തിൽ ദുരൂഹതയുള്ളതിനാൽ ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആത്മഹത്യ തന്നെയെന്ന് പൊലീസ് അറിയിക്കുന്നതെങ്കിലും മരണത്തിലെ അസാധാരണത്വത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണം നടത്തും. ഇത്തരത്തിൽ ആത്മഹത്യ മുൻപും ചിലർ ചെയ്തതായി പൊലീസ് വൃത്തങ്ങളിൽ നിന്നും സൂചന ലഭിക്കുന്നുണ്ട്. സമാന രീതിയിൽ മൂന്നു പേരെങ്കിലും മരിച്ചതായിട്ടാണ് വിവരം. അതിനാൽ തന്നെ പെൺകുട്ടിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
പഠിക്കാൻ മിടുക്കിയാണ് നെഹിസ്യ. കഴിഞ്ഞദിവസം നടന്ന ക്ലാസ് പരീക്ഷയിൽ ചില വിഷയങ്ങൾക്ക് ഒന്നോരണ്ടോ മാർക്കിന്റെ കുറവുണ്ടായി. ഇതിന് അച്ഛൻ വഴക്കുപറഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തിൽ ആത്മഹത്യചെയ്തതാണോ എന്നാണ് പൊലീസിന്റെ സംശയം. കഴിഞ്ഞ വെളളിയാഴ്ച നടന്ന നെഹിസ്യയുടെ പിറന്നാൾ ആഘോഷത്തിൽ കൂട്ടുകാരെ ക്ഷണിച്ചു വരുത്തുകയും ആഹ്ളാദത്തോടെ പിറന്നാൾ ആഘോഷിക്കുകയും ചെയ്തിരുന്നു.