tesla

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ ആത്മനിർഭർ ഭാരത് രാജ്യത്ത് ശക്തമായി മുന്നേറുകയാണ്. ബഹിരാകാശ ഗവേഷണം, പ്രതിരോധം, ഇലക്‌ട്രോണിക്‌സ്, വാഹനവിപണി, മരുന്ന് നിർമ്മാണം ഇങ്ങനെ വിവിധ കമ്പനികൾ ഇന്ത്യയിലേക്ക് അവരുടെ നിർമ്മാണം ആരംഭിക്കാനോ നിലവിലുള‌ളവ വർദ്ധിപ്പിക്കാനോ തയ്യാറാകുകയാണ്. അത്തരത്തിൽ ഏ‌റ്റവും പുതിയതാണ് ഓട്ടോമൊബൈൽ രംഗത്ത് അതികായരും ഇലക്‌ട്രിക്കൽ വാഹന വിപണിയിൽ മുൻപന്തിയിലുമുള‌ള ടെസ്‌ലയുടെ വരവ്. 2015ൽ അമേരിക്കയിൽ സാൻ ജോസിൽ ടെസ്‌ലയുടെ മോട്ടോർ ക്യാമ്പസിലെത്തിയ പ്രധാനമന്ത്രി കമ്പനി സിഇഒ ഇലോൺ മസ്‌കുമായി കണ്ട് കൂടിക്കാഴ്‌ച നടത്തി.

ഇന്ത്യയിലേക്കുള‌ള തങ്ങളുടെ വരവിനെ സൂചിപ്പിച്ച് ഈവർഷമാദ്യം മസ്‌ക് ട്വീ‌റ്റ് ചെയ്‌തിരുന്നു. ജനുവരി 8ന് കർണാടക തലസ്ഥാനമായ ബംഗളൂരുവിൽ 'ടെസ്‌ല ഇന്ത്യാ മോട്ടോഴ്‌സ് ആന്റ് എനർജി പ്രൈവ‌റ്റ് ലിമി‌റ്റഡ്' എന്ന രജിസ്‌റ്റേർഡ് ഓഫീസ് ആരംഭിച്ചു. ഗവേഷണ വികസന കേന്ദ്രത്തിനായി ടെസ്‌ല മുൻപ് തന്നെ ബംഗളൂരുവിൽ സ്ഥലം തേടിയിരുന്നു. ടെസ്‌ലയുടെ പദ്ധതികളായ ഇലക്‌ട്രിക് വെഹിക്കിൾ, എയറോ സ്‌പെയ്‌സ് എന്നിവയ്‌ക്ക് അനുയോജ്യമാണ് ബംഗളൂരു എന്നാണ് കമ്പനി വിലയിരുത്തുന്നത്. ഇതിനു പുറമേയാണ് ഇലക്‌ട്രിക് വെഹിക്കിൾ പ്ളാന്റ് നിർമ്മാണത്തിന് ടെസ്‌ല സ്ഥലം തേടിയിരിക്കുന്നത്.

തങ്ങൾ ഇറക്കുമതി ചെയ്‌ത ഭാഗങ്ങൾ യോജിപ്പിച്ച് നിർമ്മിക്കാനുള‌ള പ്ളാന്റാണ് ടെസ്‌ലയുടെ ലക്ഷ്യം. ഇതിനെ കുറിച്ച് ടെസ്‌ല ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ കർണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ ഇക്കാര്യം സ്ഥിരീകരിച്ചു. പ്ളാന്റ് പ്രവർത്തനക്ഷമമായാൽ അമേരിക്കയിലും ചൈനയിലുമല്ലാതെ മൂന്നാമതൊരു രാജ്യത്ത് ടെസ്‌ലയുടെ പ്ളാന്റുണ്ടാകുക ഇന്ത്യയിലാകും. വലിയ വിപണിയായി ടെസ്‌ല ഇന്ത്യയെ കാണുന്നു എന്നതിന്റെ ഉദാഹരണമാണിത്.