
തിരുവനന്തപുരം: പുതുതായി പ്രവർത്തനമാരംഭിച്ച കേരളബാങ്കിൽ 1850 പേരെ സ്ഥിരപ്പെടുത്താനുളള സർക്കാർ തീരുമാനത്തിന് ഹൈക്കോടതിയുടെ തിരിച്ചടി. തീരുമാനം കോടതി സ്‌റ്റേ ചെയ്‌തു. പിഎസ്‌സി ലിസ്‌റ്റിലുളള ഉദ്യോഗാർത്ഥി നൽകിയ ഹർജിയിലാണ് സ്‌റ്റേ അനുവദിച്ചത്. മാനേജർ ഉൾപ്പടെ വിവിധ തസ്‌തികകളിലേക്ക് നാളെ മുതൽ സ്ഥിരപ്പെടുത്താനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്.
കണ്ണൂർ സ്വദേശിയും പി.എസ്.സി റാങ്ക് ലിസ്‌റ്റിലുളള ഉദ്യോഗാർത്ഥിയുമായ എ.ലിജിത്താണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ജില്ലാ ബാങ്കുകളായി നിലനിന്നപ്പോൾ ഒഴിവുകൾ പി.എസ്.സിയ്‌ക്ക് റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ 2019ൽ ഇവ ലയിച്ച് കേരളബാങ്കായപ്പോൾ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്‌തില്ല. പകരം ഇടക്കാല ഭരണസമിതി ചേർന്ന് കേരളബാങ്കിലേക്ക് 1850 താൽക്കാലിക നിയമനം നടന്നു. ഇത് തനിക്ക് ഉൾപ്പടെ ഉദ്യോഗാർത്ഥികൾക്ക് അവസര നഷ്‌ടമാണെന്ന് കാട്ടിയാണ് ലിജിത്തിന്റെ ഹർജി.
കേസ് ഹൈക്കോടതി എടുത്തപ്പോൾ കോടതി സർക്കാരിനോട് ഇത്തരത്തിൽ നിയമന ശുപാർശയെക്കുറിച്ച് ചോദിച്ചിരുന്നു. അത്തരം ശുപാർശയില്ലെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. എന്നാൽ ഉദ്യോഗാർത്ഥിയുടെ വക്കീൽ സർക്കാർ സ്ഥിരപ്പെടുത്തിയ ഉത്തരവിലെ പ്രശ്‌നം കോടതിയിൽ അറിയിച്ചതോടെയാണ് പ്രശ്‌നം കണ്ടെത്തിയ കോടതി നിയമനങ്ങൾ സ്‌റ്റേ ചെയ്‌തത്.