
രണ്ടാം ടെസ്റ്റിൽ കൂറ്റൻ ലീഡുമായി ഇന്ത്യ
ആദ്യ ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റ് നേടിയ അശ്വിന് ജന്മനാട്ടിൽ ആദ്യ ടെസ്റ്റ് സെഞ്ച്വറിയും (106)
ചെന്നൈ : ബൗളിംഗിൽ മാത്രമല്ല ബാറ്റിംഗിലും താനൊരു പുലിയാണെന്ന് തെളിയിച്ച രവിചന്ദ്രൻ അശ്വിൻ ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. ജന്മനാടായ ചെന്നൈയിൽ ആദ്യ ഇന്നിംഗ്സ് ബൗളിംഗിൽ അഞ്ചുവിക്കറ്റുവീഴ്ത്തിയിരുന്ന അശ്വിൻ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിൽ അതിഗംഭീര സെഞ്ച്വറിയുമായി(106) കളം നിറഞ്ഞ് കളിച്ചപ്പോൾ സ്പിന്നിനെമാത്രം തുണയ്ക്കുന്ന പിച്ചെന്ന പരാതിയുമായി മുറുമുറുപ്പ് തുടങ്ങിയ മുൻ ഇംഗ്ളണ്ട് താരങ്ങൾക്കുള്ള കനത്ത പ്രഹരം കൂടിയായി.
ആദ്യ ഇന്നിംഗ്സിൽ 329 റൺസ് നേടിയിരുന്ന ഇന്ത്യ ഇംഗ്ളണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 134ൽ അവസാനിപ്പിച്ചിരുന്നു. മൂന്നാം ദിനമായ ഇന്നലെ 54/1 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ ചായസമയത്തിന് ശേഷം 286 റൺസിൽ ആൾഔട്ടാവുകയായിരുന്നു.അശ്വിന്റെ സെഞ്ച്വറിക്കൊപ്പം നായകൻ വിരാട് കൊഹ്‌ലിയുടെ അർദ്ധസെഞ്ച്വറിയും(62) ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായി. 482 റൺസ് വിജയലക്ഷ്യവുമായി ഇന്നലെ വൈകുന്നേരം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് സ്റ്റംപെടുക്കുമ്പോൾ 53/3 എന്ന നിലയിലാണ്.രണ്ട് ദിവസവും ഏഴ് വിക്കറ്റുകളും ശേഷിക്കേ ഇംഗ്ളണ്ടിന് ജയിക്കാൻ 429 റൺസ് കൂടിവേണം. നായകൻ ജോ റൂട്ടും (2) ഡാൻ ലോറൻസുമാണ് (19) ക്രീസിൽ.
ഇന്നലെ ആദ്യ സെഷനിൽ മുൻനിര വിക്കറ്റുകൾ പൊഴിഞ്ഞ ഇന്ത്യയെ രണ്ടാം സെഷനിൽ വിരാടും അശ്വിനും ചേർന്നാണ് സുരക്ഷിത നിലയിലേക്ക് എത്തിച്ചത്.ചായയ്ക്ക് മുമ്പ് കൊഹ്‌ലി മടങ്ങിയെങ്കിലും അശ്വിന്റെ മാസ്മരിക ഇന്നിംഗ്സ് ആരാധകരുടെ മനംകവർന്നു. തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്നലെ അശ്വിൻ നേടിയത്. തുടർന്നിറങ്ങിയ ഇംഗ്ളണ്ടിന്റെ ഒരു വിക്കറ്റ് വീഴ്ത്തിയതും അശ്വിനാണ്.ഇതോടെ അശ്വിന്റെ മത്സരത്തിലെ ആകെ വിക്കറ്റുകളുടെ എണ്ണം ആറായി.
ഇന്നലെ രാവിലെ ആദ്യ ഓവറിൽത്തതന്നെ ഇന്ത്യയ്ക്ക് പുജാരയെ നഷ്ടമായിരുന്നു.ക്രീസ് വിട്ടിറങ്ങിയ പുജാരയുടെ ബാറ്റിൽത്തട്ടിയ പന്ത് ക്ലോസ് ഇൻ ഫീൽഡർ ഒല്ലീ പോപ്പ് കീപ്പർ ബെൻ ഫോക്സിന് കൊടുക്കുകയും ഫോക്സ് റൺഔട്ടാക്കുകയുമായിരുന്നു. തിരിച്ചുകയറാൻ ശ്രമിച്ച പുജാരയുടെ ബാറ്റ് തറയിൽ വീണുപോയതോടെ കൈ ക്രീസിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതിന് മുമ്പ് ബെയിൽസ് ഇളക്കിയിരുന്നു. തുടർന്ന് രോഹിത് ശർമ്മ(26) തലേന്നത്തെ സ്കോറിൽ ലീച്ചിന്റെ പന്തിൽ സ്റ്റംപ് ചെയ്യപ്പെട്ടു. തുടർന്ന് കൊഹ്‌ലി കാലുറപ്പിക്കാൻ ശ്രമിക്കവേ രഹാനെയ്ക്ക് മുന്നേയെത്തിയ റിഷഭ് പന്ത്(8),രഹാനെ(10), അക്ഷർപട്ടേൽ(7) എന്നിവർ കൂടാരം കയറിയതോടെ ഇന്ത്യ 106/6 എന്ന നിലയിലായി. തുടർന്ന് ക്യാപ്ടന് കൂട്ടിനെത്തിയ അശ്വിൻ ലഞ്ചിന് പിരിയുമ്പോൾ 156/6 എന്ന നിലയിലെത്തിച്ചു.
ലഞ്ചിന് ശേഷം അശ്വിനും കൊഹ്‌ലിയും തകർത്താടി.149പന്തുകൾ നേരിട്ട് ഏഴുഫോറും ഒരു സിക്സുമടക്കം 62 റൺസ് നേടിയ വിരാടിനെ ഒടുവിൽ മൊയീൻ അലി വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. 96 റൺസാണ് അശ്വിനും വിരാടും ചേർന്ന് നേടിയത്. വിരാട് മടങ്ങിയശേഷം ഒരറ്റത്ത് വിക്കറ്റ് പൊഴിഞ്ഞെങ്കിലും അവസാനക്കാരനായ സിറാജിനെ (16*) കൂട്ടുനിറുത്തി അശ്വിൻ സെഞ്ച്വറിയിലെത്തി.148 പന്തുകളിൽ 14 ഫോറും ഒരു സിക്സുമടക്കം 106 റൺസടിച്ച അശ്വിനെ ഒടുവിൽ ക്ളീൻ ബൗൾഡാക്കി ഒല്ലീ സ്റ്റോണാണ് ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടത്.
രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ടിന്റെ ഡോം സിബിലിയെ(3) എൽ.ബിയിൽ കുരുക്കി അക്ഷർ പട്ടേലാണ് ആദ്യ പ്രഹരം നൽകിയത്. തുടർന്ന് ടീം സ്കോർ 49-ൽ വച്ച് റോറി ബേൺസിനെ അശ്വിൻ പുറത്താക്കി.നൈറ്റ് വാച്ച്മാൻ ലീച്ചിനെ പട്ടേൽ ഡക്കാക്കി.19 റൺസ് നേടിയ ഡാൻ ലോറൻസാണ് കളി നിറുത്തുമ്പോൾ ജോ റൂട്ടിന് കൂട്ട്.
സ്പിൻ ബൗളിംഗിന് അനുകൂലമായ സാഹചര്യം മുതലാക്കി ഇന്നുതന്നെ വിജയം നേടാനാകും ഇന്ത്യ ശ്രമിക്കുക.