
തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ ഇന്റർനെറ്റ് പദ്ധതിയായ കെ-ഫോൺ ആദ്യ ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്‌തു. കെ-ഫോൺ പദ്ധതിയിലൂടെ കേരള ജനതക്കാകെ ഇന്റർനെറ്റ് അധിഷ്‌ഠിത സേവനം ലഭിക്കാൻ സാഹചര്യം ഒരുക്കുകയാണെന്നും ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖലയുമായി വീടുകളെയും ഓഫീസുകളെയും പദ്ധതി ബന്ധിപ്പിക്കുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.
20 ലക്ഷത്തോളം ആളുകൾക്ക് അതിവേഗ ഇന്റർനെറ്റ് സൗജന്യമായി ലഭിക്കും. പദ്ധതി കേരളത്തെ ഇൻഫർമേഷൻ ഹൈവേയുമായി ബന്ധിപ്പിക്കും, നോളജ് എക്കോണമിയായും ഐടി ഹബ്ബായും സംസ്ഥാനത്തെ വളരാനുളള ശ്രമമാണ് കെ ഫോൺ പദ്ധതി. ഇതിലൂടെ സാധാരണ ജനതക്ക് സർക്കാരുമായി ബന്ധപ്പെടാനും സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കാനും കൂടുതൽ സൗകര്യം ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിവരസാങ്കേതിക വിദ്യയിൽ പുരോഗതിയുണ്ടെങ്കിലും 10 ശതമാനത്തിൽ താഴെ സർക്കാർ ഓഫീസുകളിൽ മാത്രമേ ഇന്റർനെറ്റ് സാങ്കേതിക വിദ്യയുമായി ബന്ധിച്ചിട്ടുളളു. ഒപ്‌റ്റിക്കൽ ശൃംഖലയുമായി ബന്ധിച്ചതോ അതിലും കുറവ്. കേരളത്തിൽ ഗ്രാമപ്രദേശങ്ങളിൽ ഇൻഫ്രാസ്‌ട്രക്‌ചർ പരിമിതമാ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുളള ഫ്യൂച്ചറിസ്‌റ്റ് സാങ്കേതികവിദ്യയിൽ വേഗത കൈവരിക്കാൻ ബാൻഡ്‌വിഡ്‌ത് വർദ്ധിപ്പിക്കാനാണ കെ ഫോൺ പദ്ധതിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാർ അതിവേഗം ഇന്റർനെറ്റ് കണക്ഷൻ 30,000 ഓഫീസുകളിലും സർവീസ് പ്രൊവൈഡർമാരിലൂടെ വീടുകളിലും എത്തിക്കും. ഭാവിയിലേക്ക്ആവശ്യമായ ബാൻഡ്‌വിഡ്‌ത് സജ്ജമാക്കും. കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രക്‌ച്ചറും കെഎസ്ഇബിയും ചേർന്നുളള സംരംഭമാണ് കെഫോൺ.