
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത് ഗീതയുടെ ചെറുപതിപ്പും അടങ്ങുന്ന ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ. ബഹിരാകാശ മേഖലയിലെ വളർച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച സതീഷ് ധവാന്റെ പേരിലുള്ള നാനോ സാറ്റലൈറ്റ് പി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ച് 28ന് വിക്ഷേപിക്കും. 25,000ത്തോളം ഇന്ത്യക്കാരുടെ പേരുവിവരങ്ങളും ഉപഗ്രഹത്തിൽ രേഖപ്പെടുത്തും.ആത്മനിർഭർ മിഷൻ എന്ന വാക്കിനൊപ്പമാണ് മോദിയുടെ ചിത്രം ബഹിരാകാശത്തേക്ക് അയക്കുന്നത്. ഉപഗ്രഹം പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണ്. ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള സ്പേസ്കിഡ്സ് ഇന്ത്യ എന്ന സ്ഥാപനമാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.ബഹിരാകാശ പഠനത്തിനാവശ്യമായ ഉപകരണങ്ങളും കൃത്രിമോപഗ്രഹത്തിലുണ്ടാകും. സ്‌പേസ്‌കിഡ്‌സ് ഇന്ത്യ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണിതെന്ന് സ്ഥാപകയും സി.ഇ.ഒയുമായ ഡോ. ശ്രീമതി കേശൻ പറഞ്ഞു. ഐ.എസ്.ആർ.ഒയുടെ നിർദ്ദേശത്തെ തുടർന്ന് ഡിസൈൻ മാറ്റങ്ങൾക്ക് വേണ്ടി ഞായറാഴ്ച ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചിരുന്നു. കഴിഞ്ഞ ജൂണിലാണ് ഐ.എസ്.ആർ.ഒ റോക്കറ്റുകളിൽ സ്വകാര്യ സ്റ്റാർട്ടപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ അനുമതി നൽകിയത്. ഇത്തരത്തിൽ വിക്ഷേപിക്കുന്ന രണ്ടാമത്തെ സ്വകാര്യ ഉപഗ്രഹമാണിത്.