
ദുബായ്: ആറബ് രാജ്യങ്ങളുടെ ആദ്യ ചൊവ്വ പര്യവേഷണ ദൗത്യമായ യു.എ.ഇയുടെ ഹോപ്പിൽ നിന്നും ആദ്യത്തെ ചിത്രം ലഭിച്ചു. ചൊവ്വയുടെ 25,000 കിലോമീറ്റർ മുകളിൽ നിന്നെടുത്ത ചിത്രമാണ് എമിറേറ്റ്സ് മാർസ് മിഷൻ പുറത്തുവിട്ടത്. യു.എ.ഇയുടെ ചരിത്രത്തിലെ നിർണായക നിമിഷമാണിതെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശേഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ കുറിച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു. പുതിയ കണ്ടെത്തലുകൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയതോടെ അറബ് രാജ്യങ്ങളിൽനിന്ന് പര്യവേഷണം നടത്തുന്ന ആദ്യരാജ്യമായും ലോകത്തിൽ അഞ്ചാമത്തേതുമാണ് ഹോപ്പ്.