mani-c-kappan

കൊച്ചി: പാലാസ്ഥാനാർത്ഥിത്വത്തെ ചൊല്ലി ഇടതുമുന്നണിയിൽ നിന്നും തെറ്റിപ്പിരിഞ്ഞ് സ്വന്തം പാർട്ടി രൂപീകരിക്കാൻ നീക്കം നടത്തുന്ന മാണി സി. കാപ്പനെ ഔദ്യോഗികമായി പുറത്താക്കി എൻ.സി.പി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് എൻ.സി.പി. ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ കാപ്പനെ പുറത്താക്കിയതായി പാർട്ടി സ്ഥിരം സെക്രട്ടറി എസ്.ആർ. കോലി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം കാപ്പന്റേതല്ലാതെ മറ്റ് നേതാക്കളുടെയോ സംഘടനാ ഭാരവാഹികളുടെയോ പേര് വാർത്താക്കുറിപ്പിൽ പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമായി. കാപ്പന് പിന്തുണ പ്രഖ്യാപിച്ച് സലിം പി. മാത്യു, സുൾഫിക്കർ മയൂരി, ബാബു കാർത്തികേയൻ തുടങ്ങിയ എൻ.സി.പിയുടെ സംസ്ഥാന നേതാക്കളും കോട്ടയം ജില്ലാ പ്രസിഡന്റ് സാജു എം. ഫിലിപ്പ് അടക്കമുള്ള വിവിധ ജില്ലാ നേതാക്കളും ഒപ്പുവെച്ച രാജിക്കത്ത് ശരദ് പവാറിന് അയച്ചിരുന്നു.

പാലായിലെ ശക്തി പ്രകടനം യു.ഡി.എഫ്. കേന്ദ്രങ്ങളിലുണ്ടാക്കിയ മതിപ്പ് മുതലാക്കി വേഗത്തിൽ മുന്നണിയിൽ കടക്കാനുള്ള നീക്കങ്ങളാണ് മാണി സി. കാപ്പനും കൂട്ടരും നടത്തുന്നത്. ഇതിനായി പുതിയ പാർട്ടി രൂപീകരിക്കാൻ കാപ്പൻ അദ്ധ്യക്ഷനായി പത്തംഗ സമിതിയെ നിയോഗിച്ചു. 22ന് തിരുവനന്തപുരത്ത് കാപ്പൻ അനുകൂലികളായ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ പാർട്ടിയുടെ പേര്, ഭരണഘടന, കൊടി, ചിഹ്നം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. കോട്ടയത്ത് രമേശ് ചെന്നിത്തല വിവിധ മേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാണി സി. കാപ്പനും എത്തിയിരുന്നു. പുതിയ പാർട്ടിക്കായി എൻ.സി.പി. കേരള, എൻ.സി.പി. യു.പി.എ. എന്നീ പേരുകൾക്കാണ് മുൻഗണന.