shobha-surendran

എസ് ഹരീഷ് എഴുതിയ 'മീശ' നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് നൽകിയ തീരുമാനത്തിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നോവൽ ഹൈന്ദവ വിശ്വാസികളെയും സ്ത്രീകളെയും അവഹേളിക്കുന്ന വികല രചനയാണെന്നും പുസ്തകത്തിന് പുരസ്കാരം നൽകാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടും, സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്നും അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. 'കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മുഖത്തടിക്കുന്ന ഈ നെറികേടിനു പിണറായി വിജയന് വരുന്ന തിരഞ്ഞെടുപ്പിൽ മറുപടി കിട്ടു'മെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി നേതാവ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് ചുവടെ:

'ഹൈന്ദവ വിശ്വാസികളെയും സ്ത്രീകളെയും അവഹേളിക്കുന്ന വികല രചനയായ 'മീശ' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നൽകാനുള്ള തീരുമാനം ഹിന്ദു മതവിശ്വാസികളോടും, സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണ്. ഈ തീരുമാനം അടിയന്തരമായി പിൻവലിക്കാൻ സാഹിത്യ അക്കാദമി തയ്യാറാകണം.

s-hareesh

പ്രസിദ്ധീകരിച്ച ആദ്യ ഘട്ടത്തിൽത്തന്നെ പ്രസ്തുത നോവലിൻ്റെ ഉള്ളടക്കത്തിലെ ഹിന്ദു വിരുദ്ധ, സ്ത്രീവിരുദ്ധ സ്വാഭാവം വിമർശനവിധേയമായിരുന്നു.

ആ വികാരം മാനിച്ചാണ് അതിൻ്റെ തുടർ പ്രസിദ്ധീകരണം മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണമായ മാതൃഭൂമി നിർത്തിവച്ചത്. എന്നാൽ അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരാണെന്ന വാദം ഉയർത്തി ചില കേന്ദ്രങ്ങൾ രംഗത്തുവന്നു. ഹിന്ദുക്കളെയും സ്ത്രീകളെയും കുറിച്ച് എന്ത് എഴുതിയാലും അത് വിലക്കാൻ പാടില്ല എന്ന മട്ടിലായിരുന്നു അക്കൂട്ടർ ആ നാലാംകിട നോവലിനു നൽകിയ പിന്തുണ. അതിൽ മുൻപന്തിയിൽ നിന്നത് സി പി എമ്മും അവരുമായി ബന്ധപ്പെട്ട സാംസ്കാരിക രംഗത്തെ പ്രമുഖരുമായിരുന്നു.

ഇപ്പോൾ നോവലിന് അക്കാദമി പുരസ്കാരം നൽകാനുള്ള തീരുമാനത്തിനു പിന്നിലും അവരുടെ നിയന്ത്രണത്തിലുള്ള സാഹിത്യ അക്കാദമിയാണ് എന്നത് യാദൃശ്ചികമല്ല. വിശ്വാസി സമൂഹവും കേരളത്തിലെ സ്ത്രീകളും ഈ തീരുമാനത്തിനെതിരേ ശബ്ദമുയർത്തണം എന്നുകൂടി അഭ്യർത്ഥിക്കുകയാണ്. നമ്മുടെ മാനം വിറ്റല്ല ആരെയും ആദരിക്കേണ്ടത്. കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മുഖത്തടിക്കുന്ന ഈ നെറികേടിനു പിണറായി വിജയന് വരുന്ന തിരഞ്ഞെടുപ്പിൽ മറുപടി കിട്ടും.'

Content Highlights: Shobha Surendran against S Hareesh procuring Kerala Sahitya Academy Award for Meesha