
ബംഗളൂരു: പ്രശസ്ത അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല, കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിൽ ഫാക്ടറി (അസംബ്ളിംഗ് പ്ളാന്റ്) തുറക്കും. ഇതുസംബന്ധിച്ച അന്തിമവട്ട നടപടികളിലേക്ക് കമ്പനി കടന്നുവെന്നാണ് സൂചന. കഴിഞ്ഞ ജനുവരി എട്ടിന് 'ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്" എന്ന കമ്പനി ടെസ്ല ബംഗളൂരുവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, ഇക്കാര്യം ടെസ്ല ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആറുമാസത്തിലേറെയായി കർണാടക സർക്കാർ ഉദ്യോഗസ്ഥരുമായി ടെസ്ല അധികൃതർ ചർച്ച നടത്തുന്നുണ്ട്. ഇന്ത്യയിൽ ടെസ്ല വൈകാതെ സാന്നിദ്ധ്യമറിയിക്കുമെന്ന് സി.ഇ.ഒയും ലോകത്തെ ഏറ്റവും സമ്പന്നനുമായ എലോൺ മസ്കും വ്യക്തമാക്കിയിരുന്നു. ടെസ്ല വൈകാതെ വരുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വീറ്റും ചെയ്തിരുന്നു.
ടെസ്ല ബംഗളൂരുവിൽ എത്തിയാൽ, മാതൃരാജ്യമായ അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം തുറക്കുന്ന മൂന്നാമത്തെ പ്ളാന്റായിരിക്കും അത്. ഇന്ത്യയുടെ ഇലക്ട്രിക് വാഹന ഹബ്ബ് എന്ന സവിശേഷതയാണ് ബംഗളുരുവിന് നറുക്കുവീഴാൻ കാരണം.