malabar-gold

കോഴിക്കോട്: മലബാർ ഗ്രൂപ്പ് കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ സ്ഥാപിക്കുന്ന വാണിജ്യ കോംപ്ളക്‌സിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തടസങ്ങൾക്ക് വ്യവസായി മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയകക്ഷി നേതാക്കളുടെയും ചർച്ചയിൽ പരിഹാരം. ആയിരത്തിലേറെ പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിലും നികുതിയിനത്തിൽ സർക്കാരിന് കോടികൾ ലഭിക്കുന്നതുമായ പദ്ധതിയുടെ തടസങ്ങൾ നീക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നൽകിയിരുന്നു.

പി. അബ്‌ദുൾ ഹമീദ് എം.എൽ.എ., മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീക്ക, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാലിനി, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ജമീല, അസിസ്‌റ്റന്റ് കളക്‌ടർ ബിജു, കിൻഫ്ര മാനേജർ കെ.എസ്. കിഷോർകുമാർ, കാക്കഞ്ചേരി പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് എ. ബാലകൃഷ്‌ണൻ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മാനേജിംഗ് ഡയറക്‌ടർ (ഇന്ത്യ ഓപ്പറേഷൻസ്) ഒ. അഷർ, കോർപ്പറേറ്റ് ഹെഡ് ആർ. അബ്‌ദുൾ ജലീൽ, പ്രൊഡക്‌ഷൻ ഹെഡ് സാജിത്, ജെറീഷ് തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.

കൂടുതൽ വ്യവസായങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്നും പ്രകൃതിക്ക് കോട്ടംതട്ടാത്ത വ്യവസായങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. മന്ത്രിയുടെ അഭിപ്രായത്തെ യോഗം പിന്തുണച്ചു. 2013ലാണ് വാണിജ്യ കോംപ്ളക്‌സിന് തുടക്കമിട്ടത്. വാണിജ്യ ഷോറൂം, ഹൈപ്പർ മാർക്കറ്റ്, ഫുഡ് കോർട്ട്, ആഭരണ ഡിസ്‌പ്ളേ മെറ്റീരിയൽസ്, പേപ്പർ ബാഗ് നിർമ്മാണം, ആഭരണ മൊത്ത വ്യാപാരം, ആഭരണ വിതരണം, ആഭരണ അസംബ്ളിംഗ് തുടങ്ങിയവയാണ് വിഭാവനം ചെയ്‌തത്.

സീറോ പൊല്യൂഷൻ അടിസ്ഥാനമാക്കി, 30 കോടി രൂപയിലധികം ചെലവിട്ട് പണിത കെട്ടിടത്തിൽ അഞ്ചുവർഷമായി മറ്റ് പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. തെറ്റിദ്ധാരണാജനകമായി ഉയർന്ന എതിർപ്പുകളാണ് തിരിച്ചടിയായത്. മുംബയ്, കൊൽക്കത്ത, ഹൈദരാബാദ്, തൃശൂർ, ബംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മലബാർ ഗ്രൂപ്പിന് 13 ആഭരണ നിർമ്മാണശാലകളുണ്ട്. ഇവയിൽ പലതും കാക്കഞ്ചേരിയിലെ കോംപ്ളക്‌സ് നിർമ്മാണം ആരംഭിച്ചതിന് ശേഷം മാത്രം പദ്ധതിയിട്ടതാണ്.

പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ

മലബാർ‌ ഗ്രൂപ്പിന്റെ നയം: എം.പി. അഹമ്മദ്

പൂർണമായും മാലിന്യമുക്തവും പ്രകൃതിക്ക് കോട്ടംതട്ടാത്തതുമായ സംരംഭങ്ങൾ മാത്രമേ ആരംഭിക്കാവൂ എന്നത് മലബാർ ഗ്രൂപ്പിന്റെ നയമാണെന്ന് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. സർക്കാരിന് നികുതി നൽകി, നിയമവിധേയമായാണ് സംരംഭങ്ങൾ നടത്തുന്നത്. പരമാവധി ആളുകൾക്ക് തൊഴിൽ നൽകുക, ജനക്ഷേമ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയുമാണ് സംരംഭങ്ങൾ ആരംഭിക്കുന്നത്.

കാക്കഞ്ചേരിയിലെ വാണിജ്യ കോംപ്ളക്‌സിന്റെ കാര്യത്തിലും ഇതെല്ലാം പാലിക്കുന്നുണ്ട്. പരിസരവാസികൾ ഉൾപ്പെടെ ആർക്കും ആശങ്ക വേണ്ടെന്നും എം.പി. അഹമ്മദ് പറഞ്ഞു.