
നാഷിക്: മഹാരാഷ്ട്രയിലെ ജാൽഗരൺ ജില്ലയിൽ ട്രക്ക് അപകടത്തിൽപ്പെട്ട് ആറ് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 16 പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ യവലിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. റാവെർ പ്രദേശത്തു നിന്നുള്ള തൊഴിലാളികളുമായെത്തിയ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. യവലിൽ നിന്നും പപ്പായ ലോഡ് കയറ്റി മടങ്ങുമ്പോഴായിരുന്നു അപകടം. വഴിയിലെന്തോ തടസം മൂലം നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.പപ്പായ ലോഡ് കയറ്റിയതിനാൽ അതിന് മുകളിലായിരുന്നു തൊഴിലാളികൾ ഇരുന്നിരുന്നത്. വാഹനം തലകീഴായി മറിഞ്ഞതോടെ എല്ലാവരും വാഹനത്തിന് അടിയിൽപ്പെട്ട് ശ്വാസം മുട്ടി മരിയ്ക്കുകയായിരുന്നുവെന്ന് യവൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധീർ പട്ടീൽ പറഞ്ഞു.മരിച്ച പതിനഞ്ചുപേരിൽ പത്തുപേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.