
ഗുവാഹത്തി: അയൽരാജ്യങ്ങളിലും അധികാരപരിധി വ്യാപിപ്പിക്കാൻ ബി.ജെ.പിയ്ക്ക് പദ്ധതിയുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. നേപ്പാളിലും ശ്രീലങ്കയിലും സർക്കാരുണ്ടാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെന്നും അഗർത്തലയിൽ നടന്ന പാർട്ടി പരിപാടിക്കിടെ ബിപ്ലബ് പറഞ്ഞു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധികാരം നേടിയ ശേഷം അയൽരാജ്യങ്ങളിലേക്ക് കൂടി പാർട്ടിയുടെ അധികാരപരിധി വർധിപ്പിക്കുന്നതിനെ കുറിച്ച് അമിത്ഷാ പറഞ്ഞതായി ബിപ്ലബ് ദേവ് അറിയിച്ചു.
പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമുൽ കോൺഗ്രസ് പരാജയപ്പെടുമെന്ന് പ്രസ്താവിച്ച ബിപ്ലബ് ബി.ജെ.പിയെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയായി വളർത്തിയെടുത്ത അമിത് ഷായുടെ നേതൃപാടവത്തെ പ്രശംസിക്കുകയും ചെയ്തു. ഇടത്-വലത് ചായ്വ് മാറി മാറി പ്രകടിപ്പിക്കുന്ന കേരളത്തിലെ സ്ഥിതിയിൽ അടുത്തു തന്നെ മാറ്റമുണ്ടാകുമെന്നും ബി.ജെ.പി അധികാരത്തിൽ വരുമെന്നും ബിപ്ലബ് കൂട്ടിച്ചേർത്തു.