
പ്രണയം എന്ന മനോഹരമായ വികാരത്തെ ലോകം ആഘോഷിക്കുന്ന വേളയിൽ പ്രണയത്തിൻ്റെ മറവിൽ ചതിക്കുഴികളൊരുക്കുന്നവരെ തുറന്ന് കാണിക്കാൻ ശ്രമിക്കുകയാണ് 'കനൽ ഒരു തരി' എന്ന ഷോർട്ട് ഫിലിം. പ്രണയം തലയ്ക്ക് പിടിച്ച സമയത്ത് പങ്കാളിയുമായി പങ്ക് വയ്ക്കുന്ന സ്വകാര്യ നിമിഷങ്ങൾ പിന്നീട് ഭീഷണികൾക്കായി ഉപയോഗിക്കുന്നതും തുടർന്ന് അത്തരം സംഭവങ്ങൾ സ്ത്രീ പങ്കാളികളുടെ ആത്മഹത്യകളിലും മറ്റും കാര്യങ്ങൾ കൊണ്ടെത്തുന്നതും സജീവമായി ചർച്ച ചെയ്യപ്പെടുന്ന ഒരു കാലത്താണ് 'കനൽ ഒരു തരി' പ്രസക്തമാകുന്നത്.
അബലയായ സ്ത്രീയല്ല മറിച്ച് എന്തിനെയും ചങ്കൂറ്റത്തോടെ നേരിടുന്ന സ്ത്രീകളെയാണ് ഇന്നത്തെ കാലത്ത് സമൂഹത്തിന് ആവശ്യമെന്ന് സംവിധായകൻ തൻ്റെ ഷോർട്ട് ഫിലിമിലൂടെ പറയുന്നു. ശരത് രമേശ് സംവിധാനം ചെയ്ത 'കനൽ ഒരു തരി'യിൽ നീതു രാജ് . പ്രശാന്ത് മോഹൻ, രാജേഷ് ജയകുമാരൻ, ദീപക് എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയിരിക്കുന്നു. ആഷിക് ബാബു ക്യാമറ കൈകാര്യം ചെയ്തപ്പോൾ എഡിറ്റിങ്ങ് നിർവഹിച്ചത് കൈലാഷ് എസ് ഭവനാണ്. പ്രശാന്ത് മോഹൻ എം പിയാണ് സംഗീതം.