
ന്യൂഡൽഹി: പാചകവാതകത്തിന് 50 രൂപ വില കൂട്ടിയതിന് പിന്നാലെ പാചകവാതക സിലിണ്ടറുകൾ മേശപ്പുറത്തുവച്ച് കോൺഗ്രസിന്റെ വാർത്താസമ്മേളനം.
മോദി സർക്കാർ കർഷകരുടെ മാത്രമല്ല വീട്ടമ്മമാരുടേയും സാധാരണക്കാരന്റെയും നടുവൊടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാടെ പറഞ്ഞു. പത്ത് ദിവത്തിനിടെ 75 രൂപയാണ് എൽ.പി.ജിക്ക് വർധിച്ചത്. ഫെബ്രുവരി 4ന് 25 രൂപ വില വർദ്ധിപ്പിച്ചിരുന്നു. കൂടാതെ ഡിസംബറിലും രണ്ടു തവണ വില വർദ്ധിപ്പിച്ചതായി സുപ്രിയ പറഞ്ഞു. എൽ.പി.ജിയുടെ വില വർദ്ധനയും ബഡ്ജറ്റിൽ ഏർപ്പെടുത്തിയ അധിക എക്സൈസ് തീരുവയും സർക്കാർ പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ വർദ്ധിനയ്ക്കെതിരെയും പാർട്ടി രൂക്ഷമായി പ്രതികരിച്ചു. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില വർദ്ധിക്കുന്നത്. വില വർദ്ധനവ് സർക്കാർ കാര്യമാക്കുന്നേയില്ലെന്നും തീരുവ വർദ്ധിച്ചതിലൂടെ 24 ലക്ഷം കോടി രൂപ സർക്കാരിന് അധികമായി കിട്ടിയെന്നും സുപ്രിയ കുറ്റപ്പെടുത്തി.