
വാസ്തുശാസ്ത്രത്തിൽ അധികമാരും ഗൗനിക്കപ്പെടാതെ പോകുന്ന ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഫോക്കസ്. ഒരു പ്രത്യേക ദിശയിൽ നിന്ന് വീടുകളിലേയ്ക്കോ വ്യാപാര സ്ഥാപനങ്ങളിലേയ്ക്കോ തുടർച്ചയായി വരുന്ന നോട്ടത്തെയാണ് ഫോക്കസ് എന്നു പറയുന്നത്. നോട്ടം വാഹനത്തിൽ നിന്നോ ആളുകളിൽ നിന്നോ കൂട്ടമായോ ഒറ്റയ്ക്കോ ഇടയ്ക്കിടയ്ക്കോ ആവാം. ചില  വളവുകളിലോ റോഡുകളിലോ ചില വ്യാപാര സ്ഥാപനങ്ങളോ വീടുകളോ നോക്കാതെ ഒരു വാഹനവും ചിലപ്പോൾ കടന്നു പോകാറില്ല. ഗ്രാമീണ മേഖലകളിൽ ഏറെയുണ്ട് ഇത്തരം വീടുകളും സ്ഥാപനങ്ങളും.എല്ലായിടത്തും ഫോക്കസ് ഫലങ്ങളുണ്ട്. കൃത്യമായ വാസ്തുവിൽ ചെയ്ത വീടെന്ന് പറയുമ്പോഴും അവിടെ ഫോക്കസ് ഫലങ്ങളാൽ ദോഷം വന്നു ഭവിക്കാറുണ്ട്.
ഫോക്കസ് ഓരോ സ്ഥലത്തും വ്യത്യസ്തമായിരിക്കും. ഗ്രാമങ്ങളിലെ ഫോക്കസ് ഫലമല്ല നഗരങ്ങളിൽ ഉള്ളത്. അതിന്റെ കാരണം നോക്കാം.
നഗരങ്ങളിലും വലിയ ആൾത്തിരക്കും വാഹന ഗതാഗതവുമുള്ള സ്ഥലങ്ങളിലും തിരക്കേറിയ റോഡിന് ഇരുവശവും ഊർജ്ജ പ്രസരണ മേഖലകൾ കൂടുതലായിരിക്കും. ഇവിടെ പ്രത്യേക സ്ഥലത്തുനിന്നു വരുന്ന നോട്ടം വലിയ ഫലങ്ങളാണ് ഉണ്ടാക്കുന്നത്. അതായത് ദോഷമെങ്കിൽ ദോഷക്കൂടുതൽ ഏറെ ഉണ്ടായി കണ്ടുവരുന്നു. നല്ലതെങ്കിൽ വലിയ ഫലവും കാണാറുണ്ട്. ഫോക്കസ് വന്ന് ഭവിക്കുന്നത് ഒരു വീടിന്റെയോ വസ്തുവിന്റെയോ വടക്കു കിഴക്കാണെങ്കിൽ അത് വളരെ ഐശ്വര്യദായകമാണ്. വരുമാന വർദ്ധനവിനൊപ്പം വീട്ടിലെയോ സ്ഥാപനത്തിലെയോ അന്തേവാസികളോ സ്ഥാപനമോ വീടോ വലിയ പ്രശസ്തിയിൽ അറിയപ്പെടാനിടയാവും. ഉയർച്ചയ്ക്കുളള ഒട്ടനവധി അവസരങ്ങൾ ഈ വീട്ടിൽ ഉണ്ടാവും. ഭക്തിയും രോഗമില്ലായ്മയും സന്തോഷത്തോടെയുള്ള ജീവിതവും വടക്കുകിഴക്കിലെ ഫോക്കസ് ഫലമാണ്.
ഫോക്കസ് തെക്കുകിഴക്ക്, വടക്ക് പടിഞ്ഞാറിലെ വടക്ക്, തെക്കു പടിഞ്ഞാറ് എന്നിവിടങ്ങളിൽ പതിക്കുമ്പോഴാണ് യഥാക്രമത്തിൽ താരതമ്യേന മോശ ഫലങ്ങളുണ്ടാവുന്നത്. തെക്ക് കിഴക്ക് പരമാവധി ഫോക്കസ് വരാതെ വീടും വസ്തുവും ഒരുക്കാൻ ശ്രമിക്കണം. തെക്ക് കിഴക്കുനിന്ന് റോഡ് പടിഞ്ഞാറേയ്ക്കും വടക്കോട്ടും പോകുമ്പോൾ വടക്ക് ആരംഭിക്കുന്ന റോഡിന്റെ അറ്റത്ത് വീടു വരുമ്പോൾ അത് വലിയ ഫോക്കസ് ദോഷത്തെ സൃഷ്ടിക്കാറുണ്ട്. കടുത്ത സാമ്പത്തിക ബാദ്ധ്യതയും രോഗങ്ങളും ഫലമായി കണ്ടുവരുന്നുണ്ട്. ഉയർന്ന മതിലുകെട്ടി ഫോക്കസ് മതിലിലേയ്ക്ക് മാറ്റുകയോ വീടിന്റെ മുഖം തിരിച്ചു വയ്ക്കുകയോ ചെയ്ത് ആ പ്രശ്നം പരിഹരിക്കാം. വടക്കു പടിഞ്ഞാറിലെ വടക്ക് ഫോക്കസ് അവസരങ്ങളെ ഇല്ലാതാക്കുകയോ പലവിധ നഷ്ടത്തിന് ഇടയാക്കുകയോ ചെയ്യാം. ഇവിടെ മതിൽ മൂല 90 ഡിഗ്രിയിൽ നിർത്താതെ ഫോക്കസ് ദൂരത്തിന് ക്രമമായി അൽപം ചരിച്ച് കെട്ടുകയോ വീടിന്റെ കോണുകളിലേയ്ക്ക് വരുന്ന ഫോക്കസിനെ മറ്റുകാഴ്ചകളിലേയ്ക്ക് മാറ്റി കൊണ്ടു പോകുകയോ ചെയ്ത് പ്രശ്നം പരിഹരിക്കാം. വടക്കു പടിഞ്ഞാറും ഫോക്കസ് വരുന്നത് ഒഴിവാക്കേണ്ടതാണ്. ആ ഫോക്കസ് കാരണം ഒട്ടേറെ പ്രതിസന്ധികൾ വന്നു പെടാറുണ്ട്. ഇവിടെയും മതിൽ പൊക്കി കെട്ടിയും വീടിന്റെ പ്രധാന വാതിലും ദർശനവും മാറ്റിയും മുറികളിലേയ്ക്കുള്ള ഊർജ്ജം ക്രമപ്പെടുത്തിയും പ്രശ്നം പരിഹരിക്കാവുന്നതാണ്.  കടകൾക്ക് തെക്ക് പടിഞ്ഞാറു നിന്നുള്ള നോട്ടം ചിലയിടത്ത് ഗുണമാവാറുണ്ട്. അവിടെ തെക്ക് വശത്ത് കിഴക്ക് പടിഞ്ഞാറായി റോഡു വേണം.അല്ലാത്തിടത്ത് വ്യാപാര നഷ്ടമോ പ്രതിസന്ധിയോ ഉണ്ടാവാം.