bank

ന്യൂഡൽഹി : ബാങ്കുകൾ സ്വകാര്യവത്‌കരിക്കുന്നതിന്ഫെ ആദ്യപടിയായി രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളിൽ സ്വകാര്യവത്കരണം നടപ്പാക്കാൻ കേന്ദ്രസ‌ർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സ്വകാര്യവൽക്കരണത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉ ഉൾപ്പെട്ടിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. ഇതിൽ രണ്ടു ബാങ്കിന്റെ സ്വകാര്യവൽക്കരണം ഏപ്രിൽ മുതൽ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

'പരീക്ഷണ' അടിസ്ഥാനത്തിലാണ് ഇടത്തരം ബങ്കുകളെ ആദ്യം സ്വകാര്യവത്‌കരിക്കുന്നതെന്നും വരുവർഷങ്ങളിൽ വലിയ ബാങ്കുകളിൽ സ്വകാര്യവത്‌കരണം നടപ്പാക്കുകയാണെന്ന് ലക്ഷ്യമെന്നും ധനമന്ത്രാലയത്തിന്റെ അടുത്തവൃത്തങ്ങൾ വ്യക്തമാക്കിയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. അടുത്ത സാമ്പത്തിക വർഷം തന്നെ നാല് ബാങ്കുകളും സ്വകാര്യവൽക്കരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയിരുന്നെങ്കിലും ജീവനക്കാരുടെ യൂണിയനുകളിൽനിന്നുള്ള കടുത്ത എതിർപ്പിനെ തുടർന്നു തീരുമാനമെടുത്തിരുന്നില്ല.

യൂണിയനുകളുടെ കണക്കുപ്രകാരം, ബാങ്ക് ഓഫ് ഇന്ത്യ – 50,000, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ– 30,000, ഇന്ത്യൻ ഓവർസീസ് ബാങ്ക്– 26,000, ബാങ്ക് ഓഫ് മഹാരാഷ്ട്ര– 13,000 എന്നിങ്ങനെയാണ് ജീവനക്കാരുടെ എണ്ണം. ജീവനക്കാർ കുറവുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര ആദ്യം സ്വകാര്യവത്കരിക്കാനാണ് സാദ്ധ്യത.